ഈത്തപ്പഴ വിളവെടുപ്പ്: വിദ്യാർഥികൾക്ക് പരിശീലനം നൽകി
text_fieldsസീബ് വിലായത്തിലെ അൽഖൂദിൽ വിദ്യാർഥികൾക്കായി നടത്തിയ ഈത്തപ്പഴ വിളവെടുപ്പ് പരിശീലനം
മസ്കത്ത്: ഈത്തപ്പഴത്തിന്റെ വിളവെടുപ്പും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി കാമ്പയിൻ സംഘടിപ്പിച്ചു. സീബ് വിലായത്തിലെ അൽഖൂദിലായിരുന്നു പരിപാടി. പുതുതലമുറയിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഈന്തപ്പന നട്ടുവളർത്തലിലും വിളവെടുക്കലിലും പരിശീലനം നൽകി പൂർവികരുടെ പൈതൃകത്തെ കുറിച്ച് ബോധവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രാദേശിക മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വേനൽ അവധിക്കാല പരിപാടികളുടെ ഭാഗമാണ് കാമ്പയിനെന്ന് സംഘാടകരിലൊരാൾ പറഞ്ഞു. അഞ്ചുമുതൽ പതിനൊന്നുവരെ ക്ലാസുകളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളെ കാമ്പയിൻ ആകർഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈന്തപ്പന നടൽ, ജലസേചന രീതികൾ, ജൈവ വളങ്ങളുടെ ഉപയോഗം, കള പരിപാലനം, വിളവെടുപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണിതെന്ന് പരിശീലകരിലൊരാൾ പറഞ്ഞു. ഈന്തപ്പന നടുന്നതുമുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളെ കുറിച്ചുള്ള പരിശീലനം മികച്ചതായിരുന്നുവെന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന അനസ് അൽ മയാഹി പറഞ്ഞു.
മുൻകാലങ്ങളിൽ വിളവെടുപ്പിലും സംസ്കരണങ്ങളിലുമൊക്കെ കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ, പുതിയ തലമുറയിൽ പലർക്കും ഇതിനോടൊന്നും വലിയ താൽപര്യമില്ലാത്തതിനാൽ ഇത്തരം രീതികൾ പലതും അപ്രത്യക്ഷമാവുകയാണ്. ആദ്യകാലത്ത് പ്രധാന ഭക്ഷ്യ വിഭവമായതിനാലും ആഹാരത്തിന് കാര്യമായി ഇൗത്തപ്പഴത്തെ ആശ്രയിച്ചിരുന്നതിനാലും വിളവെടുപ്പ് വലിയ ആഘോഷമായിരുന്നു. വിളവെടുപ്പിനോടനുബന്ധിച്ച് വൻ കുടുംബ സംഗമം തന്നെ നടക്കുകയും അടുത്തവരും സുഹൃത്തുക്കളുമൊക്കെ ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. രാജ്യത്ത് 250ലധികം ഇനം ഈത്തപ്പഴങ്ങളുണ്ട്. ഖലാസ്, കുനൈസി, ഫർഗ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

