വാഹന അറ്റകുറ്റപ്പണിയിൽ തകരാർ; ഉപഭോക്താവിന് നഷ്ടപരിഹാരം
text_fieldsമസ്കത്ത്: അൽ ദാഖിലിയ ഗവർണറേറ്റിൽ വാഹന അറ്റകുറ്റപ്പണി സംബന്ധമായ തർക്കത്തിൽ ഇടപെട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഉപഭോക്താവിനും വർക്ക്ഷോപിനും ഇടയിൽ സൗഹൃദപരമായ ഒത്തുതീർപ്പുണ്ടാക്കിയ സി.പി.എ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പാക്കി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സി.പി.എ നൽകിയ വിവരങ്ങൾ പ്രകാരം, ഉപഭോക്താവ് തന്റെ വാഹനത്തിന്റെ എൻജിൻ മാറ്റാനുള്ള കരാർ ഒരു വർക്ക്ഷോപുമായി ഒപ്പുവെച്ചിരുന്നു. എന്നാൽ, പണി കഴിഞ്ഞ് വാഹനം തിരികെ ലഭിച്ചശേഷവും തുടർച്ചയായ മെക്കാനിക്കൽ തകരാറുകൾ കണ്ടെത്തി. ഇതോടെ വർക്ക്ഷോപുകാരെ വീണ്ടും സമീപിച്ചു. എന്നാൽ, പ്രശ്നം പരിഹരിക്കാൻ അവർ തയാറായില്ല. ഇതോടെ വാഹന ഉടമ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പ്രാദേശിക ഓഫിസിൽ പരാതി നൽകി.
പരാതി രജിസ്റ്റർ ചെയ്ത ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിശദമായ അന്വേഷണം നടത്തി. നിയമപരമായി മധ്യസ്ഥ നടപടികൾ സ്വീകരിച്ചു. ഇതിനുശേഷം ഇരുപാർട്ടികളും തമ്മിലുള്ള കരാർ റദ്ദാക്കി. ഉപഭോക്താവിന്റെ വാഹനം വർക്ഷോപ് ഉടമ 1,500 ഒമാനി റിയാലിന് വാങ്ങാൻ സമ്മതിച്ചതോടെ കേസ് ഒത്തുതീർപ്പാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും കരാറിലെ വ്യവസ്ഥകളും വ്യവസായ സ്ഥാപനങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് സി.പി.എ ഓർമിപ്പിച്ചു. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും സേവനങ്ങൾ പ്രഫഷനലായി നൽകുകയും ചെയ്യുക എന്നത് വിപണിയിൽ വിശ്വാസം നിലനിർത്താൻ നിർണായകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

