ബിപോർജോയ് 48 മണിക്കൂറിനുള്ളിൽ ദുർബലമാകും -കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ ദുർബലമാകുമെന്നാണ് കരുതുന്നതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയുടെയും പാകിസ്താന്റെയും തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സുൽത്താനേറ്റിന്റെ തീരത്തുനിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയാണ് കാറ്റ്. മണിക്കൂറിൽ 155 മുതൽ 166 കി.മീറ്റർ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
ബുധനാഴ്ച വരെ സുൽത്താനേറ്റിന്റെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, താഴ്ന്ന തീരപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തീരങ്ങളിൽ മൂന്നു മുതൽ അഞ്ചു മീറ്റർ വരെയും ഒമാൻ കടലിന്റെ തീരത്ത് രണ്ടു മുതൽ നാലു മീറ്റർ വരെയും തിരമാലകൾ ഉയർന്നേക്കാം.

