‘അസ്ന’ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്
text_fields‘അസ്ന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നടന്ന നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റി യോഗം
മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഉർദുവിൽ വാഴ്ത്തപ്പെട്ടവൻ എന്ന് അർഥം വരുന്ന ‘അസ്ന’ എന്ന പേരാണ് കാറ്റിന് നൽകിയിട്ടുള്ളത്. പാക്കിസ്താനാണ് ഈ പേര് നിർദേശിച്ചത്.
സൂർ വിലായത്തിലെ റാസ് അൽ ഹദ്ദ് തീരത്തുനിന്ന് 900 കിലോമീറ്റർ അകലെ വടക്കു കിഴക്കൻ അറബിക്കടലിൽ ഇന്ത്യ പാക്കിസ്ഥാൻ തീരത്തിന് സമീപമാണ് നിലവിൽ കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 74 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. കാറ്റിന് അനുബന്ധമായിട്ടുള്ള മഴ മേഘങ്ങൾ ഒമാൻ തീരത്ത് നിന്ന് 760 കിലോമീറ്റർ അകലെയാണുള്ളത്. പടിഞ്ഞാറ് ദിശയിൽ ഒമാൻ കടലിന്റെ ഭാഗത്തേക്കാണ് കാറ്റിന്റെ സഞ്ചാരം. സഞ്ചാര ദിശയിൽ കാറ്റിന് വേഗത വർധിക്കാനും ഒമാനിൽ നേരിട്ടുള്ള ആഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് മസ്കത്തിനും തെക്കൻ ശർഖിയക്കുമിടയിലുള്ള തീരങ്ങളെ ബാധിക്കാനാണ് ഒന്നാമത്തെ സാധ്യത.
ഇങ്ങനെ വരുന്ന പക്ഷം ഞായർ, തിങ്കൾ ദിവസങ്ങളിൽ തെക്ക്-വടക്ക് ശർഖിയ, മസ്കത്ത് ഗവർണറേറ്റിലും തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിലും വിവിധ അളവുകളിൽ മഴ പെയ്യാനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. തെക്ക്, തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് കാറ്റ് വഴി തിരിഞ്ഞ് അറബിക്കടലിൽ കാറ്റ് ദുർബലമാകാനുള്ള സാധ്യതകളും ചൂണ്ടികാണിക്കപ്പെടുന്നു. ഇങ്ങനെ വരുന്ന പക്ഷം തെക്ക്-വടക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയുള്ളത്.
ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒമാന്റെ ഭൂരിഭാഗം തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തിരമാലകൾ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

