സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു; വേണം കരുതൽ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒമാനിലെ സൈബർ തട്ടിപ്പ് കുറ്റകൃത്യങ്ങൾ 50 ശതമാനം വർധിച്ചതായി റോയൽ ഒമാൻ പൊലീസിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പറഞ്ഞു. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം, ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഇതിന് കാരണം.
സാങ്കേതികവിദ്യയിലും ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങളിലുമുള്ള സമീപകാല വികസനങ്ങൾ വ്യക്തികളുടെയും സമൂഹങ്ങളുടെയും ദൈനംദിന ജീവിതം സുഗമമാക്കിയെങ്കിലും ഇത്തരം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ വീഴ്ത്തുന്നതെന്ന് ആർ.ഒ.പിയിലെ എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള രീതികൾ, ഡീപ് ഫെയ്ക് എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് പുതുതായി കണ്ടുവരുന്നത്. ഓൺലൈനിലൂടെയുള്ള വ്യാജ വാണിജ്യപരസ്യങ്ങളാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന സൈബർ ക്രിമിനൽ തന്ത്രങ്ങൾ.
യഥാർഥ വിപണി വിലയെക്കാൾ വളരെ കുറഞ്ഞ വിലക്ക് ഉൽപന്നങ്ങളും സേവനങ്ങളും വ്യാജ ഓഫറുകൾ നൽകി ഇരകളെ വീഴ്ത്തുന്നു. അങ്ങനെ ഡൗൺ പേമെന്റായോ പൂർണമായോ തുകകൾ നൽകാൻ ആവശ്യപ്പെടുന്നു. ഇങ്ങനെ നൽകിക്കഴിഞ്ഞാൽ പരസ്യദാതാവിനെക്കുറിച്ച് പീന്നീട് ഒരുവിവരവും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.ഒ.പി കണ്ടെത്തിയ ഏറ്റവും പുതിയ രീതികളിലൊന്ന് ഡീപ് ഫെയ്ക്ക് വിഡിയോ ഉയോഗിച്ചുള്ള തട്ടിപ്പാണ്. സർക്കാറിന്റെ ഔദ്യോഗിക സ്വഭാവത്തിലുള്ള ജീവനക്കാരാണെന്ന് പറഞ്ഞ് ഇരകളിൽനിന്ന് ബാങ്കിങ് വിവരങ്ങളും മറ്റും ആവശ്യപ്പെടാനാണ് ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിലൂടെ ഇരകളുടെ അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് അൽ ഖുറൈഷി പറഞ്ഞു.
കുറഞ്ഞ വേതനനിരക്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന യഥാർഥ പ്ലാറ്റ്ഫോമുകളെ അനുകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകുന്നതുപോലുള്ള വഞ്ചനപരമായ രീതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടങ്ങൾ, അപ്പാർട്ടുമെന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ വാടകക്ക് എന്ന് പറഞ്ഞുള്ള നിരവധി വ്യാജ പരസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് മറ്റൊരു തട്ടിപ്പ് രീതി. തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ വെബ്സൈറ്റുകളിലൂടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിലുടെ അവരുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുന്ന രീതിയാണ് സംഘം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെ വഞ്ചിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വ്യാജ വെബ്സൈറ്റുകൾ കണ്ടെത്തി ഉടനടി അടച്ചുപൂട്ടാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എൻക്വയറീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റ് ജനറൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുൽത്താനേറ്റിന് പുറത്തുനിന്ന് പലപ്പോഴും കൈകാര്യം ചെയ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും വഞ്ചനപരമായ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ തടയുന്നതിനും ടെലികമ്യൂണിക്കേഷൻ കമ്പനികളുമായും പ്രാദേശിക ബാങ്കുകളുമായും തുടർച്ചയായി നടത്തുന്ന ഏകോപനത്തിന് പുറമെയാണിത്. ഓൺലൈൻ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിശ്വാസയോഗ്യമല്ലാത്ത ഏതെങ്കിലും കക്ഷിയുമായി ബാങ്കിങ് അല്ലെങ്കിൽ വ്യക്തിഗത ഡേറ്റ പങ്കിടുന്നത് ഒഴിവാക്കണമെന്നും ഇലക്ട്രോണിക് അക്കൗണ്ടുകളിൽ ടു-ഫാക്ടർ പ്രാമാണീകരണം സജീവമാക്കണമെന്നും അൽ ഖുറൈഷി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സർക്കാറിൽനിന്നോ ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ഒരു കോളുകൾക്കും മറുപടി നൽകരുത്. ഈ സ്ഥാപനങ്ങൾ ഫോണിലൂടെയോ ഓൺലൈനിലൂടെയോ അത്തരം വിവരങ്ങൾ നൽകാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏതെങ്കിലും തട്ടിപ്പ് ശ്രമത്തിന് വിധേയമായാൽ, അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ഉടൻതന്നെ ബാങ്കിനെ അറിയിക്കേണ്ടത് പ്രധാനമാണ്. ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യാൻ ബാങ്കർമാർ അടുത്തുള്ള പൊലീസ് സ്റ്റേഷനെ സമീപിക്കണമെന്നും അല്ലെങ്കിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ടോൾ ഫ്രീ നമ്പറായ 80077444ൽ വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

