സൈബർ സുരക്ഷ കേന്ദ്രത്തിന് തുടക്കം
text_fieldsസൈബർ സുരക്ഷ കേന്ദ്രത്തിന് തുടക്കമായപ്പോൾ
മസ്കത്ത്: ഡിജിറ്റൽ ഭാവിയിലേക്കുള്ള നവീകരണത്തിനായി ‘ഹദാസത്ത’ എന്ന സൈബർ സുരക്ഷകേന്ദ്രം ആരംഭിച്ചു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം സുൽത്താൻ ഖാബൂസ് സർവകലാശാലയുമായി (എസ്.ക്യു) സഹകരിച്ചാണ് സൈബർ സുരക്ഷകേന്ദ്രം തുടങ്ങിയത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ആശയവിനിമയ, വിവര സാങ്കേതികവിദ്യ അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷിദാനിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം. സൈബർ സുരക്ഷ മേഖലയിലെ ഗവേഷണം, നവീകരണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. ചടങ്ങിൽ ‘ഹദാസത്ത’ സൈബർ സുരക്ഷകേന്ദ്രത്തെക്കുറിച്ചുള്ള ദൃശ്യ അവതരണവും കേന്ദ്രത്തിന്റെ രജിസ്ട്രേഷൻ പേജിന്റെ ഉദ്ഘാടനവും നടന്നു. പങ്കെടുത്തവർ കേന്ദ്രം സന്ദർശിക്കുകയും അതിന്റെ നൂതന ഉപകരണങ്ങളെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള സംക്ഷിപ്ത വിവരണം കേൾക്കുകയും ചെയ്തു.
സൈബർ സുരക്ഷ മേഖലയിൽ അറബ് നേതൃത്വത്തിലേക്കുള്ള സുൽത്താനേറ്റിന്റെ നീക്കത്തെ പിന്തുണക്കാൻ ‘ഹദാസത്ത’ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിപാടികളും സംരംഭങ്ങളും സംഘടിപ്പിക്കുക, സാങ്കേതിക നിക്ഷേപങ്ങൾ സജീവമാക്കുക, സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിക്കുക, ഒമാനി യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുക, കയറ്റുമതി ചെയ്യാവുന്നതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ സാങ്കേതിക പരിഹാരങ്ങൾ നിർമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

