കർവ മോട്ടോഴ്സ് ആദ്യ ബാച്ച് സ്കൂൾ ബസുകൾ പുറത്തിറക്കി
text_fieldsകർവ മോട്ടോഴ്സ് നിർമിച്ച ആദ്യ ബാച്ച് സ്കൂൾ ബസുകൾ പുറത്തിറക്കിയപ്പോൾ
മസ്കത്ത്: കർവ മോട്ടോഴ്സ് നിർമിച്ച ആദ്യ സ്കൂൾ ബസുകൾ പുറത്തിറക്കി. ആദ്യ ബാച്ചിൽ ഉൾപ്പെടുത്തി ദുകത്തെ ഫാക്ടറിയിൽ നിർമിച്ച അഞ്ചു ബസുകളാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്. ഇത് അടുത്ത മാസം ബസ് ഉടമകൾക്ക് കൈമാറും.
സ്കൂളുകളില പഴയ ബസുകൾ മാറ്റി പുതിയത് നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബസുകൾ വിതരണം ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വാഹന നിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം (എം.ഒ.യു) കഴിഞ്ഞ വർഷം ഒപ്പുവെച്ചിരുന്നു. ഈ കരാറിനനുസൃതമായാണ് ബസുകളുടെ വിതരണത്തിന് തുടക്കമിട്ടത്.
പ്രതിവർഷം 1000 ബസുകൾ വീതം അടുത്ത അഞ്ചു വർഷത്തേക്ക് 5000 ബസുകൾ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് പുറത്തിറക്കിയിട്ടുള്ളത്. പൊതുസുരക്ഷയും സ്കൂൾ ഗതാഗത ആവശ്യകതകളും കണക്കിലെടുത്ത് സ്കൂൾ ഗതാഗത മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും പഠിച്ച ശേഷമാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നത്.
ബസുകൾക്ക് 23 മുതൽ 25 വരെ വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ബസുകളിൽ ആന്തരിക നിരീക്ഷണ കാമറകൾ, സുരക്ഷിതമായ യാത്രാസീറ്റുകൾ, എമർജൻസി എക്സിറ്റുകൾ, ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തമായ കാഴ്ച, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനവും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ള എയർ കണ്ടീഷനിങ്, വാതിലുകളിൽ സുരക്ഷാ ലോക്ക്, സെൻസർ സംവിധാനമുള്ള സൈഡ് ഡോറുകകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ബസുകൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ, എൻജിനുള്ള സെൻസറുകൾ, ജി.പി.എസ് സാങ്കേതികവിദ്യ വഴിയുള്ള ട്രാക്കിങ് സംവിധാനം, ഡ്രൈവർമാരെയും അവരുടെ പ്രകടനത്തെയും നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയും ഉണ്ട്. 10 വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് ഈ ബസുകൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളുടെ സ്റ്റോക്ക് കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ പക്കലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കര്‍വ മോട്ടോഴ്സിന്റെ ബസ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഒമാനിൽ കവചിത വാഹനങ്ങളുടെ നിർമാണത്തിനും കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു. ദ ആർമർഡ് ഗ്രൂപ്പുമായി (ടാഗ്) സഹകരണ, നിർമാണ സേവന കരാറിൽ ആണ് ഒപ്പുവെച്ചത്. ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണ്. കർവ മോട്ടോഴ്സിന് ബസ് നിർമാണത്തിന് പ്രത്യേകമായ ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകൾ ഇവിടെ നിർമിക്കുന്നുണ്ട്.
2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉൽപാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവയും നിർമിക്കുന്നു. ആറു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

