സ്ത്രീകൾക്കെതിരായ അതിക്രമത്തിന് എതിരെ ‘കർറി ഐന’
text_fieldsമസ്കത്ത്: സ്ത്രീകൾക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യവുമായി, സാമൂഹിക വികസന മന്ത്രാലയം 2025ലെ ‘കർറി ഐന’ ദേശീയ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ലോകവ്യാപകമായി നടത്തുന്ന വാർഷിക പ്രചാരണവുമായി സംയോജിപ്പിച്ചാണ് ഒമാനിലെ ബോധവത്കരണ പരിപാടിയും നടപ്പാക്കുന്നത്.
സ്ത്രീകൾ സാമൂഹികനിർമാണ പ്രക്രിയയിൽ വഹിക്കുന്ന പ്രധാന പങ്കിനെ അടയാളപ്പെടുത്തുന്നതോടൊപ്പം അവരുടെ അവകാശസംരക്ഷണം സാമൂഹിക പുരോഗതിയുടെ അടിത്തറയാണെന്ന് പ്രചാരണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തി നൽകും. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്ന നിയമങ്ങളെക്കുറിച്ചും സാമൂഹികബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ അവബോധ പരിപാടികൾ, പ്രവർത്തനങ്ങൾ, സംവാദങ്ങൾ തുടങ്ങിയവ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ലോകം നടത്തുന്ന പ്രചാരണവുമായി ഒമാനും ഈ കാമ്പയിനിലൂടെ കൈകോർക്കുകയാണെന്ന് ഡയറക്റേറ്റ് ജനറൽ ഓഫ് ഫാമിലി ഡെവലപമെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ജമീല ബിൻത് സാലിം ജദാദ് പറഞ്ഞു.
ദേശീയതലത്തിൽ ബോധവത്കരണം ശക്തിപ്പെടുത്തി, സ്ത്രീശാക്തീകരണം കൂടുതൽ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് ‘കർറി ഐന’ പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളെ എല്ലാത്തരത്തിലുള്ള അതിക്രമങ്ങളിലും നിന്ന് സംരക്ഷിക്കാൻ നിയമ, ചട്ട, വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും ഈ നേട്ടങ്ങളെ കാമ്പയിനിലൂടെ ജനങ്ങളിലേക്കെത്തിക്കുമെന്നും അവർ പറഞ്ഞു.
സാമൂഹികസംരക്ഷണ സേവനങ്ങൾ, മനഃശാസ്ത്ര പിന്തുണ, കുടുംബ കൗൺസലിങ്, അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ രഹസ്യമായി കൈകാര്യം ചെയ്യൽ എന്നിവ മന്ത്രാലയത്തിന്റെ ചുമതലയാണ്.
സ്ത്രീകളെയും കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ-പ്രതിരോധ പരിപാടികൾ വഴിയും സാമൂഹികബോധം വർധിപ്പിക്കാനും മന്ത്രാലയം പ്രവർത്തിച്ചുവരുന്നു.
അതേസമയം, മന്ത്രാലയത്തിന്റെ കുടുംബസംരക്ഷണ വകുപ്പിന് കീഴിലുള്ള പ്രൊട്ടക്ഷൻ സെൻറർ അതിക്രമ ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സമഗ്രമായ സേവനങ്ങൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

