മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനങ്ങൾ; ഒമാനിൽ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കും
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽനിന്ന്
മസ്കത്ത്: രാജ്യത്ത് ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും സർക്കാർ സേവനങ്ങളിൽ എ.ഐ ഉപയോഗം വിപുലീകരിക്കാനും മന്ത്രിസഭയുടെ പിന്തുണ. മസ്‌കത്തിൽ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
സർക്കാർ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഡിജിറ്റൽ പരിവർത്തന പരിപാടി വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത മന്ത്രിസഭ ഊന്നിപ്പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തിയും ചുമതലകളിലെ ഏകോപനം ഉറപ്പാക്കിയുമാണ് ഇത് സാധ്യമാകുക.
പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രീകൃത പോർട്ടൽ (യൂനിഫൈഡ് പോർട്ടൽ) സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിസഭ ചൂണ്ടിക്കാട്ടി. സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക, വിവിധ സർക്കാർ യൂനിറ്റുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, പോർട്ടലിന്റെ വികസനത്തിൽ നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യകളുടെ സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. എ.ഐ ഉപയോഗം കൂടുതൽ ബുദ്ധിപരമായ സേവനവിതരണം സാധ്യമാക്കുകയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും പൊതുഭരണ സംവിധാനത്തിന്റെ ആധുനികവത്കരണത്തെ പിന്തുണക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
2025-ൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ കൈവരിച്ച പ്രധാന നേട്ടങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു. ഒമാൻ സെൻട്രൽ ബാങ്ക്, പ്രത്യേക സാമ്പത്തിക മേഖലകളും ഫ്രീ സോണുകളും സംബന്ധിച്ച പൊതു അതോറിറ്റി, ഒമാൻ വിഷൻ 2040 നടപ്പാക്കൽ -ഫോളോഅപ് യൂനിറ്റ്, നികുതി അതോറിറ്റി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് യോഗത്തിൽ വിലയിരുത്തിയത്.
അതോടൊപ്പം, 2026-ലെ പ്രവർത്തന പദ്ധതികൾ, ലക്ഷ്യങ്ങൾ എന്നിവയും മന്ത്രിസഭ ചർച്ച ചെയ്തു.
കാര്യക്ഷമത വർധിപ്പിക്കുക, സ്ഥാപനാന്തര ഏകോപനം ശക്തിപ്പെടുത്തുക, ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കുക എന്നിവക്ക് യോഗത്തിൽ പ്രാധാന്യം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

