മസ്കത്ത്: വിദേശരാജ്യങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ 31 പേരെ കഴിഞ്ഞ വർഷം പിടികൂടി നാടുകടത്തി. യു.എ.ഇയിലേക്കാണ് കൂടുതലാളുകളെ കൈമാറിയത്, 11 പേരെ. സൗദി അറേബ്യയിലേക്ക് അഞ്ചുപേരെയും മൊറോക്കോ, ഇൗജിപ്ത് എന്നിവിടങ്ങളിലേക്ക് രണ്ടുപേരെയും കൈമാറി. ഇന്ത്യയിലേക്ക് ഒരു കുറ്റവാളിയെയും കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷെൻറ കണക്കുകൾ കാണിക്കുന്നു.
ഒമാനിൽ കുറ്റംചെയ്തശേഷം നാടുവിട്ട 13 പേരെ വിവിധ രാജ്യങ്ങൾ തിരികെ കൈമാറുകയും ചെയ്തു. കൈമാറിയ പ്രതികളിൽ കൂടുതലും ചെക്ക് മടങ്ങിയ കേസിലെ പ്രതികളാണ്. സൈബർ നിയമലംഘനം, വ്യാജ പാസ്പോർട്ട്, വഞ്ചനക്കുറ്റം തുടങ്ങിയ കേസുകളിലെ പ്രതികളും കൈമാറ്റം ചെയ്യപ്പെട്ടവരിൽ ഉണ്ട്. കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിനും പിടികിട്ടാപ്പുള്ളികളെ പിന്തുടർന്ന് പിടികൂടുന്നതിനും വിവിധ രാഷ്ട്രങ്ങളിലെ പൊലീസ് ഏജൻസികളുമായും ഇൻറർപോൾ അടക്കം അന്താരാഷ്ട്ര ഏജൻസികളുമായും ചേർന്ന് ആർ.ഒ.പി പ്രവർത്തിച്ചുവരുന്നുണ്ട്. 1972 മുതൽ ഒമാൻ ഇൻറർപോളിെൻറ ഭാഗമാണ്.