മസ്കത്തിന്റെ കളിമുറ്റത്ത് വീണ്ടും ക്രിക്കറ്റാരവം
text_fieldsഅമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്
മസ്കത്ത്: ഐ.സി.സി ട്വന്റി20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്ക് ഒമാന്‍ വേദിയാകുന്നു. ഏഷ്യ, കിഴക്കന്‍ ഏഷ്യ-പസഫിക് മേഖല മത്സരങ്ങള്‍ക്കാണ് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ എട്ട് മുതൽ 17 വരെ അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന യോഗ്യതാമത്സരത്തിൽ ഒമ്പത് അസോസിയേറ്റ് രാജ്യങ്ങൾ പങ്കെടുക്കും. ഒമാനുപുറമെ കുവൈത്ത്, മലേഷ്യ, യു.എ.ഇ, ഖത്തര്‍, ജപ്പാന്, സമോവ, നേപ്പാള്‍, പാപുവ ന്യൂ ഗിനിയ എന്നിവയാണ് യോഗ്യതാഘട്ടത്തില്‍ മാറ്റുരക്കുക.
രണ്ട് ഘട്ടങ്ങളിലായാണ് ടൂർണമെന്റ്. എട്ടുമുതൽ 10 വരെ ഗ്രൂപ് ഘട്ടവും 12 മുതൽ 17 വരെ സൂപ്പർ സിക്സ് ഘട്ടവും നടക്കും. മൂന്ന് ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും.
ഇതിൽനിന്ന് ഏറ്റവും മികച്ച മൂന്ന് ടീമുകൾ 2026 ലെ ഐ.സി.സി പുരുഷ ട്വന്റി20 ലോകകപ്പിൽ സ്ഥാനം നേടും. അതേസമയം യോഗ്യതാമത്സരങ്ങളിൽ ഒമാൻ ആതിഥേയത്വം വഹിക്കുന്നതിനൊപ്പം മികച്ച കളി പുറത്തെടുത്ത് സ്ഥാനം ഉറപ്പിക്കുക തന്നെയാണ് ലക്ഷ്യം. 2024 ലെ ഹോങ്കോങ് സൂപ്പർ സിക്സസിലെ ബൗൾ കപ്പിലെ വിജയം ഉൾപ്പെടെ, സമീപകാല പ്രകടനങ്ങൾ ഒമാന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.
ടീം തീവ്രമായി പരിശീലനം നടത്തുന്നുണ്ട്, സ്വന്തം നാട്ടിൽ കളിക്കുന്നത് ഒമാൻ ടീമിന് അധിക നേട്ടമാണ്. പരിചിത സാഹചര്യങ്ങൾ, ആവേശഭരിതരായ പിന്തുണക്കാർ, ശക്തമായ ബോർഡ് പിന്തുണ എന്നിവയെല്ലാം ആത്മവിശ്വാസം വർധിപ്പിക്കുന്നതായി ഒമാൻ ക്രിക്കറ്റ് ട്രഷറർ അൽകേഷ് ജോഷി പറഞ്ഞു. ഒക്ടോബർ മൂന്ന് മുതൽ ആറുവരെ വാംഅപ് മത്സരങ്ങൾ നടക്കും.
ഗ്രൂപ് ഒന്നില്‍ യു.എ.ഇയും മലേഷ്യയും ഖത്തറും അണിനിരക്കും. ഗ്രൂപ് രണ്ടില്‍ നേപ്പാളും കുവൈത്തും ജപ്പാനും ഏറ്റുമുട്ടും. ഗ്രൂപ് മൂന്നില്‍ പാപുവ ന്യൂ ഗിനിയക്കും സമോഅക്കും കൂടെയാണ് ഒമാന്‍.
വാം-അപ് മത്സരങ്ങൾ (ഒക്ടോബർ 3-6): ഒമാൻ vs കുവൈത്ത്, യു.എ.ഇ vs പാപുവ ന്യൂ ഗിനിയ, ജപ്പാൻ vs സമോവ (ഒക്ടോബർ 3); മലേഷ്യ vs സമോവ, ഒമാൻ vs നേപ്പാൾ (ഒക്ടോബർ 4), യു.എ.ഇ vs ജപ്പാൻ, കുവൈത്ത് vs ഖത്തർ (ഒക്ടോബർ 5), നേപ്പാൾ vs ഖത്തർ, മലേഷ്യ vs പാപുവ ന്യൂ ഗിനിയ (ഒക്ടോബർ 6).
ഗ്രൂപ് ഘട്ട മത്സരങ്ങൾ (ഒക്ടോബർ 8-10): ഒമാൻ vs സമോവ, യു.എ.ഇ vs ഖത്തർ, നേപ്പാൾ vs കുവൈത്ത് (ഒക്ടോബർ 8), മലേഷ്യ vs ഖത്തർ, കുവൈത്ത് vs ജപ്പാൻ, പാപുവ ന്യൂ ഗിനിയ vs സമോവ (ഒക്ടോബർ 9); യു.എ.ഇ vs മലേഷ്യ, നേപ്പാൾ vs ജപ്പാൻ, ഒമാൻ vs പാപുവ ന്യൂ ഗിനിയ (ഒക്ടോബർ 10).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

