മസ്കത്തിൽ കരകൗശല പ്രദർശനത്തിന് തുടക്കം
text_fieldsപൈതൃക ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മസ്കത്തിൽ കരകൗശല പ്രദർശനത്തിന് തുടക്കമായപ്പോൾ
മസ്കത്ത്: പൈതൃക ടൂറിസം മന്ത്രാലയം മസ്കത്തിൽ കരകൗശല പ്രദർശനത്തിന് തുടക്കം കുറിച്ചു. ‘ഒമാനി കരകൗശല പ്രദർശനം: ആധികാരികതയും ആധുനികതയും’ എന്നപേരിൽ 22വരെ പ്രദർശനം തുടരും. ഒമാനി കരകൗശല വസ്തുക്കളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഷംസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള നിരവധി പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒമാനി കരകൗശല വസ്തുക്കളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം പരമ്പരാഗത സാങ്കേതിക വിദ്യകൾ ആധുനിക രൂപകൽപനയിൽ ഉൾപ്പെടുത്തുന്നതിനുള്ള നൂതന മാർഗങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രദർശനം ലക്ഷ്യമിടുന്നു. ഒമാനി കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും കരകൗശല വിദഗ്ധർ, ഡിസൈനർമാർ, മറ്റ് പങ്കാളികൾ എന്നിവർ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രദർശനത്തിൽ രണ്ട് പവിലിയനുകളുണ്ട്. ഒന്നിൽ ഒമാനി കരകൗശല പാരമ്പര്യങ്ങളിൽ നിന്നുള്ള അപൂർവവും വിലപ്പെട്ടതുമായ പുരാവസ്തുക്കൾ, ഒമാന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ , ഒമാനി കരകൗശല വസ്തുക്കളുടെ ചരിത്രവും പരിണാമവും രേഖപ്പെടുത്തുന്ന ഫോട്ടോകൾ എന്നിവയാണുള്ളത്.
ഒമാനി കരകൗശല വസ്തുക്കളുടെ സമകാലിക പ്രസക്തി പരിശോധിക്കുന്നതാണ് രണ്ടാമത്തെ പവിലിയനിൽ ഉൾപ്പെടുന്നത്. കരകൗശല വിദഗ്ധർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഉപഭോക്താക്കളുമായും സഹകാരികളുമായും ബന്ധപ്പെടുന്നതിനുമുള്ള ഒരു വേദിയാണ് ഈ പ്രദർശനം. വരും തലമുറകൾക്കായി ഒമാനി കരകൗശല വസ്തുക്കൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അവസരമായാണ് പൈതൃക, ടൂറിസം മന്ത്രാലയം ഈ പ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

