വാഹനങ്ങൾക്ക് സൗജന്യ പരിശോധനയുമായി സി.പി.എ
text_fieldsമസ്കത്ത്: കേടായ വാഹനങ്ങളിൽനിന്ന് ഉപഭോക്താക്കളെയും ഡ്രൈവർമാരുടെയും ജീവൻ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വാഹനങ്ങളുടെ സൗജന്യ പരിശോധന ആരംഭിച്ചു. കേടായ വാഹനങ്ങൾ തിരിച്ചു വിളിക്കാനുള്ള 'ഇത് വൈകിപ്പിക്കാൻ പറ്റില്ല' ദേശീയ കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനക്ക് തുടക്കമിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ശാസ്ത്രഗവേഷണം, നവീകരണ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. ബഖിത് ബിൻ അഹ്മദ് അൽ മഹ്രിയുടെ രക്ഷാകർതൃത്വത്തിലാണ് സൗജന്യ വാഹന പരിശോധന ഡ്രൈവിന് തുടക്കം കുറിച്ചത്. സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹക്മാനി, മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒക്ടോബർ ആറുവരെ ഈ കാമ്പയിൻ തുടരും. ഹോണ്ട, സുബാരു, ഷെവർലെ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾ കാമ്പയിനിന്റെ ഭാഗമായി സൗജന്യമായി പരിശോധിക്കും.
ഉടമകൾ അവരുടെ സ്ലോട്ടുകൾ https://ncatoman.simplybook.me/v2 എന്ന ലിങ്കിൽ കയറി ബുക്ക് ചെയ്തതിന് ശേഷം നാഷനൽ കോളജ് ഓഫ് ഓട്ടോമോട്ടിവ് ടെക്നോളജിയിൽ (എൻ.സി.എ.ടി) എത്തണം. വൈകീട്ട് നാലു മുതൽ ഏഴുവരെയായിരിക്കും കാറുകൾ പരിശോധിക്കുക. ആഗസ്റ്റിലാണ് 'ഇത് വൈകിപ്പിക്കാൻ പറ്റില്ല' എന്ന കാമ്പയിന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തുടക്കമിടുന്നത്.
വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാഹന നിർമാണത്തിലെ അപാകതകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വാഹന ഉടമകൾ, അംഗീകൃത ഡീലർമാർ, റോഡ് ഉപയോക്താക്കൾ, സർക്കാർ ഏജൻസികൾ, ബിസിനസ് മേഖല, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

