വാണിജ്യ തട്ടിപ്പുകൾ കാമ്പയിനുമായി സി.പി.എ
text_fieldsഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന (ഫയൽ)
മസ്കത്ത്: വാണിജ്യ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്കിടയിൽ ബോധവത്കരണ കാമ്പയിനുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് (സി.പി.എ). ഞായറാഴ്ചയാണ് കാമ്പയിന് തുടക്കമായത്.
ജി.സി.സി വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, വഞ്ചനയായി കണക്കാക്കുന്ന കച്ചവട രീതികൾ ഉപഭോക്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുക, ഇതിനുള്ള നിയമപരമായ ശിക്ഷ വിതരണക്കാരെയും വ്യാപാരികളെയും പരിചയപ്പെടുത്തുകയും ചെയ്യുക എന്നത് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം അവസാനം വരെ 1,444 വാണിജ്യ ലംഘനങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കണ്ടെത്തിയത്. മായം കലർന്ന ചരക്കുകളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട് 53 ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. 2021 അവസാനത്തോടെ വാണിജ്യ വഞ്ചനയുമായി ബന്ധപ്പെട്ട 250 പരാതികളും 627 റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്തൃ അവകാശങ്ങൾക്കായി ഉപഭോക്താക്കൾക്കിടയിൽ അവബോധം ഉണ്ടാക്കിയെടുക്കാനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സി.പി.എയിലെ കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് ബിൻ അലി അൽ റാഷിദി പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും ബോധവത്കരണ സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കും. ടെലിവിഷൻ, റേഡിയോ, ബ്രോഷറുകൾ തുടങ്ങി സാധ്യമാകുന്ന എല്ലാ മാധ്യമങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കും. സ്പെഷലിസ്റ്റുകളെയും മറ്റും പങ്കെടുപ്പിച്ച് പരിപാടി നടത്താനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

