പരിശോധന ശക്തമാക്കി സി.പി.എ; പിടിച്ചെടുത്തത് 1,15,000ത്തിലധികം ഉൽപന്നങ്ങൾ
text_fieldsഉപഭോക്തൃ സംരക്ഷണ അതോറിറ്റി കടകളിൽ
പരിശോധന നടത്തുന്നു (ഫയൽ)
മസ്കത്ത്: വിപണി സുരക്ഷയും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) കഴിഞ്ഞവർഷം പിടിച്ചെടുത്തത് 115,000ത്തിലധികം ഉൽപന്നങ്ങൾ. വിവിധ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പിടിച്ചെടുത്ത പട്ടികയിൽ ഒന്നാമതുള്ളത് കാലഹരണപ്പെട്ട ഉൽപന്നങ്ങളായിരുന്നു. ഇത്തരത്തിലുള്ള 41,000ത്തിലധികം ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് ദോഫാർ ഗവർണറേറ്റിൽനിന്നാണ്.
ആകെ പിടിച്ചെടുത്തതിന്റെ 48 ശതമാനവും ഇവിടെനിന്നായിരുന്നു. 16,000ത്തിലധികം ഉൽപന്നങ്ങളുടെ വിതരണവും സി.പി.എ നിരോധിച്ചു. നിരോധിത ഇനങ്ങളിൽ 66 ശതമാനവും ദോഫാറിലായിരുന്നു. 15,000ത്തിലധികം നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടുകെട്ടി. ഇതിൽ 43 ശതമാനവും മസ്കറ്റ് ഗവർണറേറ്റിൽനിന്നായിരുന്നു. പൊതുമര്യാദ ലംഘിക്കുന്ന 10,000ത്തിലധികം വസ്ത്രങ്ങളും പിടിച്ചെടുത്തു. ഇതിൽ 52 ശതമാനവും വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്നായിരുന്നു.
ഇലക്ട്രോണിക് സിഗരറ്റുകളുടെയും ഷിഷ ഉൽപന്നങ്ങളുടെയും വിതരണവും നിരോധിച്ചു. ഇത്തരത്തിലുള്ള 7,000ത്തിലധികം ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇങ്ങനെ കണ്ടുകെട്ടിവയിൽ 99 ശതമാനവും മസ്കത്ത് ഗവർണറേറ്റിൽനിന്നായിരുന്നു. 2023നെ അപേക്ഷിച്ച് പിടിച്ചെടുത്ത ഉൽപന്നങ്ങളുടെ ആകെ എണ്ണത്തിൽ 18 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. വിതരണക്കാരുടെ അവബോധവും നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കലും വർധിച്ചതാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം. മാനദണ്ഡങ്ങളും അളവുകളും പോലുള്ള പ്രധാന മേഖലകളിലെ ലംഘനങ്ങളിൽ 95 ശതമാനം കുറവുണ്ടായപ്പോൾ, നിരോധിത പുകയില ഉൽപന്നങ്ങളുടെ പിടിച്ചെടുക്കലിൽ 48 ശതമാനവും വ്യാജ, അനുകരണ മേഖലയിൽ 49 ശതമാനം കുറവും രേഖപ്പെടുത്തി.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വിതരണക്കാരുടെ വർധിച്ച പ്രതിബദ്ധതയാണ് ഈ പുരോഗതിക്ക് കാരണമെന്ന് സി.പി.എ പറയുന്നു. സുരക്ഷിതവും അനുസരണയുള്ളതുമായ ഒരു വിപണി ഉറപ്പാക്കുന്നതിന് കർശനമായ നിയന്ത്രണ, പരിശോധന ശ്രമങ്ങൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്തെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധയിപ്പെട്ടാൽ തങ്ങളെ അറിയിക്കണമെന്ന് ഉപഭോക്തൃസംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

