കോവിഡിനെ ഒമാൻ മാരക രോഗ പട്ടികയിൽ ഉൾപ്പെടുത്തി
text_fieldsമസ്കത്ത്: കോവിഡ് -19നെ ഒമാൻ മാരകമായ പകർച്ചവ്യാധികളുടെയും ലക്ഷണങ്ങളുടെയും പട്ടികയിൽ ഉൾപ്പെടുത്തി. പകർച്ചവ്യാധി പ്രതിരോധ നിയമം ഭേദഗതി ചെയ്ത് മാർച്ച് 23ന് സുൽത്താൻ പുറപ്പെടുവിച്ച റോയൽ ഡിക്രി 32 / 2020 പ്രകാരമാണ് കോവിഡിനെ മാരക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭേദഗതി ചെയ്ത നിയമം കഴിഞ്ഞ ദിവസമാണ് ലീഗൽ അഫയേഴ്സ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
മാരകമായ വൈറസ് ബാധിതർ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്ന് ഭേദഗതി ചെയ്ത നിയമം വ്യക്തമാക്കുന്നു. രോഗ വ്യാപനം തടയാൻ നടപടികൾ കൈക്കൊള്ളാൻ പൊതു ആരോഗ്യ പ്രവർത്തകർക്ക് ഭേദഗതി ചെയ്ത നിയമം അധികാരം നൽകുന്നുണ്ട്. മാരക സ്വഭാവവും രോഗ വ്യാപനവും കണക്കിലെടുത്ത് പകർച്ചവ്യാധികളെ മൂന്ന് വിഭാഗങ്ങളായാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ എന്ന പേരിലുള്ള ഒരുകൂട്ടം വൈറസുകളുടെ വിഭാഗത്തിലാണ് ഇന്ന് ലോകത്തെ തന്നെ വിറപ്പിക്കുന്ന കോവിഡ് -19 നെ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളറ, പ്ലേഗ്, മഞ്ഞപ്പനി, മസ്തിഷ്ക ജ്വരം, ഹീമോഫിലസ് ഇൻഫ്ലുവൻസ, ടൈപ് ബി ഇൻവേസിവ് ഡിസീസ്, റാബീസ്, മലേറിയ, സ്മിയർ പോസിറ്റിവ് പൾമണറി ട്യൂബർക്കുലോസിസ് എന്നിവ ഒന്നാം സെക്ഷനിലുണ്ട്.
സാർസ്, ഹെമറോജിക് പനി, പകർച്ചവ്യാധി മൂലമുള്ള ഭക്ഷ്യവിഷബാധ, മെർസ് കൊറോണ, കോൺജിനെറ്റൽ റുബെല്ല തുടങ്ങിയവയും ഇൗ വിഭാഗത്തിലുണ്ട്. ടൈഫോയിഡ് ഫീവർ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, കുഷ്ഠരോഗം തുടങ്ങി 18 രോഗങ്ങൾ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയവയാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രോഗബാധിതർ കൃത്യമായ സമയ പരിധിക്കുള്ളിൽ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിയമത്തിെൻറ രണ്ടാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. രോഗബാധിതർക്ക് ഒപ്പം പകർച്ചവ്യാധി പിടിപെട്ടതായി സംശയിക്കുന്നവരും രോഗാണു വാഹകരും ആരോഗ്യ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നത്.
മാരകരോഗങ്ങളടങ്ങുന്ന ഒന്നാം പട്ടികയിൽ ഉൾപ്പെട്ടവർ 24 മണിക്കൂറിനുള്ളിലും രണ്ടാം പട്ടികയിലുള്ള രോഗങ്ങളുടെ പട്ടികയിലുള്ളവർ ഒരാഴ്ചക്കുള്ളിലും മൂന്നാം പട്ടികയിലുള്ള രോഗബാധിതർ 20 ദിവസത്തിനുള്ളിലുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കോവിഡ് അടക്കം ഒന്നാം പട്ടികയിലുള്ള രോഗങ്ങൾ സംശയിക്കുന്നവർ എത്രയുംവേഗം പരിശോധനക്ക് വിധേയമാവുകയാണ് വേണ്ടതെന്ന് നിയമത്തിൽ പറയുന്നു. രോഗബാധിതനെങ്കിൽ ചികിത്സക്ക് വിധേയമാവുകയും വേണം. രോഗത്തിെൻറ അപകടാവസ്ഥയെ കുറിച്ചും അത് പകരുന്ന രീതികളെ കുറിച്ചും ഡോക്ടർമാരോട് ചോദിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
