1500 കടന്ന് കോവിഡ് ബാധിതർ; 232 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
text_fieldsമസ്കത്ത്: 24 മണിക്കൂറിനിടെ 232 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 1564. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 3,06,240 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 27 പേർ പുതുതായി രോഗമുക്തി നേടി. ആകെ 3,00,559 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4117 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരിടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കേസുകൾ കുതിച്ചുയരുന്നത്. ഡിസംബർ 30വരെ 935 ആളുകൾക്കായിരുന്നു കോവിഡ് പിടിപെട്ടത്. എന്നാൽ, കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 729 പേർക്കാണ് കോവിഡ് പിടിപെട്ടത്. അതേസമയം, കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത് ഊർജിതമായി തുടരുകയാണ്.
ബാത്തിന ഗവർണറേറ്റിലും ബുറൈമിയിലുമായി നടന്ന ക്യാമ്പുകളിൽ നിരവധി വിദേശികളാണ് വാക്സിനെടുക്കാൻ എത്തിയത്. ബുറൈമി ഗവ. ഹോസ്പിറ്റലിന് സമീപമത്തെ സി.ഡി.സിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ബൂസ്റ്റർ ഡോസ് നൽകിയത്. നല്ല തിരക്കായിരുന്നു. കനത്ത മഴയെപോലും അവഗണിച്ച് സ്വദേശികളും വിദേശികളുമായി നിരവധിപേരാണ് എത്തിയത്. തെക്കൻ ബാത്തിനയിൽ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലാണ് വാക്സിൻ നൽകുന്നത്. രാവിലെ എട്ട് മുതൽ ഉച്ച 1.30വരെയാണ് സമയം. ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടന്ന് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം. അതേസമയം, പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിൽ നടന്നിരുന്ന വാക്സിൻ ക്യാമ്പ് കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച താൽക്കാലികമായി നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

