കോവിഡ് വാക്സിൻ: ഹൃദയാഘാതം വർധിച്ചിട്ടില്ല -ഒ.എച്ച്.എ
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിനുകൾ നൽകിയതിനു ശേഷം ഹൃദയാഘാതത്തിന്റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ (ഒ.എച്ച്.എ) അറിയിച്ചു. സമീപകാലത്ത് രാജ്യത്ത് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞവരുടെ എണ്ണം കൂടിയതിനെ കുറിച്ച് അസോസിയേഷന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ചോദിച്ചവരിൽ ഒരാൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡിനുൾപ്പെടെയുള്ള എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ആദിൽ ബറകത്ത് അൽ റിയാമി പറഞ്ഞു. ഇത് വാക്സിൻ സ്വീകരിക്കുന്ന സമയത്തുള്ള നേരീയ വീക്കവും വേദനയും മറ്റുമാണ് കണ്ട് വരുന്നത്. വാക്സിനെടുത്തവരിൽ ഹൃദയാഘാതം വർധിപ്പിക്കുമെന്നതിന് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. എന്നാൽ, ഒമാനടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്സിനു ശേഷം കണ്ടുവരുന്നത് മയോ കാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ആണെന്ന് വ്യക്തമാക്കി.
മയോ കാർഡിറ്റിസ് സാധാരണയായി പരിമിതമാണ്, ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. വാക്സിൻ സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളിൽ 54 മയോ കാർഡിറ്റിസ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഒരു പഠനത്തിൽ പറയുന്നു.വാക്സിൻ സ്വീകരിക്കാത്ത ആളുകളിലും സമാന രീതിയിൽ മയോ കാർഡിറ്റിസ് കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിദഗ്ധരിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കണമെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ പറഞ്ഞു.