കോവിഡ് വാക്സിൻ : 25 ലക്ഷം ഡോസ് ബുക്ക് ചെയ്തു –ആരോഗ്യമന്ത്രി
text_fieldsഡോ. അഹമ്മദ് അൽ സഇൗദി
മസ് കത്ത്: 25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉയർന്ന വിലക്ക് ബുക്ക് ചെയ്തതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ഇത് ആഗസ്റ്റ് അവസാനത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇത് ലഭ്യമാകുന്നതോടെ വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെച്ചപ്പെടുമെന്നും ശർഖിയ സർവകലാശാലയുടെ വാർഷിക പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള വഴികളിൽ ഒന്നാണ് വാക്സിനേഷൻ. ഒമാനിൽ ഇതുവരെ രണ്ടു ലക്ഷത്തിൽ കുറവ് ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. വാക്സിൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുൻനിര കമ്പനികളുമായി ധാരണയിൽ എത്തിയിരുന്നു. എന്നാൽ വാക്സിനുകൾ യാഥാർഥ്യമായതോടെ കമ്പനികൾ രാജ്യങ്ങളുമായും ലോകാരോഗ്യ സംഘടനയുമായുള്ള ധാരണകൾ തെറ്റിക്കുകയായിരുന്നെന്നും ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു.
ആവശ്യത്തിന് വാക്സിൻ ലഭ്യമാകാത്തതിനു കാരണം സാമ്പത്തികമല്ല. ആവശ്യത്തിന് വാക്സിൻ ഉൽപാദിപ്പിക്കാത്തതും ചില രാജ്യങ്ങളുടെ കുത്തകവത്കരണവുമാണ്. 25 ലക്ഷം ഡോസ് ലഭ്യമാക്കുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി ഉടമ്പടി തെറ്റിക്കില്ലെന്നാണ് കരുതുന്നതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
കാര്യക്ഷമതയും സുരക്ഷയുമടക്കം എല്ലാവിധ മാനദണ്ഡങ്ങളും പൂർത്തീകരിച്ച വാക്സിനുകളാണ് ഒമാൻ ഉപയോഗത്തിനായി തെരഞ്ഞെടുക്കുക. ഏതാനും ദിവസം മുമ്പ് ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യയിൽനിന്നുള്ള സ്പുട്നിക് അഞ്ച് കോവിഡ് വാക്സിനും ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
നേരത്തേയുണ്ടാക്കിയ ധാരണയിൽനിന്ന് വാക്സിൻ രജിസ്റ്റർ ചെയ്തശേഷം കമ്പനി പിന്നാക്കംപോയതിനെ തുടർന്ന് റഷ്യൻ സർക്കാറുമായി ഇൗ വിഷയത്തിൽ ബന്ധപ്പെട്ടുവരുന്നുണ്ട്. ഇൗ വിഷയത്തിൽ കഴിഞ്ഞദിവസം അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ലക്ഷത്തിലധികം ഡോസ് റഷ്യൻ വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം. വാക്സിൻ കിട്ടുന്നതിനായി ഇടനിലക്കാരെ ആശ്രയിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മഹാമാരി കൈകാര്യംചെയ്ത വിഷയത്തിൽ ധാരാളം ആക്ഷേപങ്ങളുയർന്നിരുന്നു. ഇത് സ്വാഭാവികമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരമാവധി സുതാര്യതയോടെയും വിശ്വസ്ഥതയോടെയുമാണ് പ്രസിദ്ധീകരിക്കാറുള്ളത്.
ഇൗ വിവരങ്ങൾ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തപ്പോഴാണ് ചില പ്രശ്നങ്ങളുണ്ടായത്. ആക്ഷേപങ്ങൾ പേടിച്ച് സുതാര്യത ഒഴിവാക്കില്ല. ആയിരക്കണക്കിന് രോഗബാധയും ഉയർന്ന മരണസംഖ്യയുമുണ്ടായിട്ടും വളരെ കുറച്ച് എണ്ണംമാത്രം പറയുന്ന രാജ്യങ്ങളുമുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
രോഗ വ്യാപനത്തിെൻറ എല്ലാ ഘടകങ്ങളും വിലയിരുത്തിയശേഷം മാത്രമാണ് സുപ്രീം കമ്മിറ്റി ഒാരോ തീരുമാനങ്ങളെടുക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യം പൂർണമായി അടക്കാൻ ഒരു തിരക്കും കാണിക്കില്ല. പേക്ഷ, സാഹചര്യം ആവശ്യപ്പെടുന്നപക്ഷം അടച്ചിടലിന് ഒരു മടിയുമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ പകുതി മുതൽ രോഗബാധ കുറയാൻ തുടങ്ങിയിരുന്നു. ജനുവരി പകുതിക്കു മുമ്പ് 20 രോഗികൾ മാത്രമായിരുന്നു തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നത്. തുടർന്നാണ് രോഗികളുടെ എണ്ണം ഉയരാൻ തുടങ്ങിയത്. രോഗബാധ അവസാനിക്കുന്നതിെൻറ ഒരു സൂചനയുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

