കോവിഡ്: ഒമാനിൽ രോഗമുക്തരായവരുടെ എണ്ണം ഉയരുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ നിയന്ത്രണാധീനമാകുന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസം 1511 പേർക്കാണ് മഹാമാരി ബാധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 4216 ആയി. 3,69,190 ആളുകൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം 1511 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 93.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,45,129 പേർക്കാണ് ഇതുവരെ അസുഖം ഭേദമായത്. 24 മണിക്കൂറിനിടെ 82 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 396 ആയി. ഇതിൽ 78 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒരാഴ്ചക്കിടെ 15,388 പേർക്കാണ് അസുഖം ഭേദമായത്. എന്നാൽ, കോവിഡ് ബാധിച്ചതാകട്ടെ 12,296 പേർക്കും. 28 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചക്കുശേഷം പ്രതിദിന കോവിഡ് നിരക്കും രണ്ടായിരത്തിനു താഴെയാണെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. കോവിഡ് വ്യാപനം തടയാനായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു എന്ന് വേണം കരുതാൻ. എന്നാൽ, കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കുക, മുഖം, മൂക്ക്, വായ, കണ്ണുകൾ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം വീട്ടിൽനിന്ന് പുറത്തിറങ്ങുക തുടങ്ങിയ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

