കോവിഡ് പരിശോധന: ഒമാനിലെ പ്രവാസികളുടെ മടക്കത്തെ ബാധിക്കും
text_fieldsമസ്കത്ത്: വന്ദേഭാരത് വിമാനങ്ങളിലെ യാത്രക്കാർക്ക് കൂടി കോവിഡ് പരിശോധന നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഒമാനിൽ നിന്നുള്ള പ്രവാസികളുടെ മടക്കത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാന സർക്കാർ നടത്തണമെന്ന് നിർദേശിച്ച ട്രൂനാറ്റ് പരിശോധന സംവിധാനം ഒമാനിൽ ലഭ്യമല്ലാത്തതാണ് കാരണം. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതിയും ഇൗ പരിശോധനാ സംവിധാനത്തിന് ലഭ്യമല്ല.
കോവിഡ് രോഗ നിർണയത്തിനായി പി.സി.ആർ പരിശോധനയാണ് ഒമാനിൽ ചെയ്യുന്നത്. സർക്കാർ ഒരുക്കിയ രോഗപരിശോധനാ കേന്ദ്രങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രമാണ് പി.സി.ആർ പരിശോധന നടത്തുന്നത്. രോഗാണു ശരീരത്തിൽ കയറി രണ്ട് മുതൽ മൂന്ന് ദിവസം വരെ കഴിഞ്ഞാൽ മാത്രമേ പി.സി.ആർ പരിശോധനയിൽ ഫലം വ്യക്തമാവുകയുള്ളൂ. കിറ്റുകളുടെ കുറവ് മൂലം കർശനമായ നിബന്ധനകളോടെയാണ് ഒമാനിൽ ഇൗ പരിശോധന നടത്തുന്നത്. രോഗികളുടെ എണ്ണം വർധിച്ചതോടെ പരിശോധനാ ഫലവും രോഗമുക്തനാണെങ്കിൽ അതിെൻറ സർട്ടിഫിക്കറ്റും ലഭിക്കാൻ മൂന്ന് മുതൽ നാലു ദിവസം വരെ സമയമെടുക്കുന്നുണ്ട്.
സ്വകാര്യ മേഖലയിൽ മസ്കത്തിലെ ചില ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഇതിന് സംവിധാനമുള്ളത്. മറ്റ് ലാബുകളുമായി സഹകരിച്ചാണ് ഇവർ പരിശോധന നടത്തുന്നത്. സാമ്പിളുകളുടെ എണ്ണം വർധിച്ചതോടെ അഞ്ച് ദിവസം വരെ സമയമെടുക്കുന്നുണ്ട്. 75 റിയാൽ സ്വകാര്യ മേഖലയിൽ ഇതിനായി ചെലവ് വരുന്നുണ്ട്. സലാലയടക്കം വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇതിനും വഴിയില്ല.
സലാല, ദുകം തുടങ്ങി മലയാളികളുള്ള പ്രദേശങ്ങളിൽ ജൂലൈ മൂന്ന് വരെ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. പി.സി.ആർ പരിശോധനയുടെ റാപ്പിഡ് രൂപമാണ് ട്രൂനാറ്റ് പരിശോധന. ഇൗ പരിശോധനാ സംവിധാനം ഒമാനിൽ ഇപ്പോൾ നിലവിലില്ല. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതിയും ഇതിനില്ല. കേന്ദ്ര സർക്കാരിെൻറ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമാണ് അനുമതി ലഭിക്കാനുള്ള സാധ്യതകൾ വിദൂരമായെങ്കിലും ഉള്ളത്. കേന്ദ്രം ഇതിന് തയാറായാൽ തന്നെ അനുമതി ലഭിക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
പരിശോധനാ കിറ്റുകളും അനുബന്ധ സാധനങ്ങളും എത്തിക്കുന്നതിന് വീണ്ടും സമയമെടുക്കുകയും ചെയ്യും. ട്രൂനാറ്റ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ രോഗമില്ലെന്ന് ഉറപ്പിക്കാൻ കഴിയും. എന്നാൽ പോസിറ്റീവ് ആണെങ്കിൽ അത് ‘ഫാൾസ് പോസിറ്റീവ്’ ഗണത്തിൽ പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു ജീൻ ടെസ്റ്റ് കൂടി നടത്തിയാൽ മാത്രമാണ് കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.
കോവിഡ് പരിശോധനക്കായുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അടുത്തിടെ മന്ത്രാലയം രാജ്യത്ത് എത്തിച്ചിരുന്നെങ്കിലും പരിശോധനയിലെ പിഴവിനെ തുടർന്ന് മന്ത്രാലയം അവ തിരിച്ചുവിളിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഒരുവിധത്തിലുള്ള റാപ്പിഡ് പരിശോധനകളും നടക്കുന്നില്ല. യാത്രക്കാർ ഇനി പി.സി.ആർ പരിശോധന നടത്താൻ തീരുമാനിക്കുന്ന പക്ഷം വേണ്ടി വരുന്ന ഭീമമായ ചെലവാണ് ഒന്നാമത്തെ വിലങ്ങുതടി. രണ്ടാമതായി എയർഇന്ത്യയിൽ നിന്ന് ടിക്കറ്റെടുക്കാൻ വിളിക്കുന്നത് പലപ്പോഴും രണ്ട് ദിവസം മുമ്പായിരിക്കും. തലേ ദിവസം രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സി.ഡി.എമ്മിൽ പോയി പൈസ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്.
വിമാനം പുറപ്പെടുന്നതിന് തലേദിവസം വന്ന് ടിക്കറ്റെടുക്കാൻ പറഞ്ഞ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. 200 കിലോമീറ്റർ വരെ ദൂരെയുള്ളവരോട് ഒരു മണിക്കൂറിനുള്ളിൽ മസ്കത്തിൽ എത്തി ടിക്കറ്റെടുക്കാൻ പറഞ്ഞിട്ടുണ്ട്. ചാർേട്ടഡ് വിമാനങ്ങളിലും പലപ്പോഴും ചുരുങ്ങിയ സമയപരിധിക്കുള്ളിലാണ് ആളുകൾക്ക് അവസരം ലഭിക്കാറുള്ളത്.
അതിനാൽ വന്ദേഭാരത് വിമാനങ്ങൾക്ക് കൂടി കോവിഡ് പരിശോധന വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ഒമാനിൽ കണ്ണീരും കൈയുമായി കാത്തിരിക്കുന്ന പതിനായിരകണക്കിന് മലയാളികൾക്ക് അത് വല്ലാത്ത ഇരുട്ടടി തന്നെയായിരിക്കും നൽകുക.