കോവിഡ്: ഒമാനിലെ രോഗമുക്തരുടെ എണ്ണം ലക്ഷത്തിനോട് അടുത്തു
text_fields
മസ്കത്ത്: ഒമാനിലെ കോവിഡ് മുക്തരുടെ എണ്ണം ലക്ഷത്തിനോട് അടുത്തു. ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 329 പേർക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 99997 ആയി. 13 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1203 ആയി. ഇതിൽ 887 പേർ സ്വദേശികളും 287 പേർ പ്രവാസികളുമാണ്. മരണപ്പെട്ടവരിൽ 851 പേരും പുരുഷന്മാരുമാണ്. 466 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതർ 113820 ആയി. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 435 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 182 പേർ തീവ്ര പരിചരണവിഭാഗത്തിലാണുള്ളത്. മൊത്തം 3.09 ലക്ഷം പരിശോധനകളാണ് നടത്തിയത്.
പുതിയ രോഗികളിൽ കൂടുതലും മസ്കത്ത് ഗവർണറേറ്റിലാണ്. ഇവിടെ 245 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ 71 പേരും സീബിലാണ്. മസ്കത്ത്-58, മത്ര-52, ബോഷർ-42, അമിറാത്ത്-19, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിൽ 62 പേർക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതിൽ 39 പേരും സുഹാറിലാണ്. സഹം-ആറ്, ഷിനാസ്-അഞ്ച്, ഖാബൂറ-അഞ്ച്, സുവൈഖ്-നാല്, ലിവ-മൂന്ന് എന്നിങ്ങനെയാണ് മറ്റുമേഖലകളിലെ എണ്ണം. ദോഫാറിലെ 52 പുതിയ രോഗികളിൽ 50 പേരും സലാലയിലാണ്. ദാഖിലിയ-39, തെക്കൻ ബാത്തിന-27, വടക്കൻ ശർഖിയ-ഒമ്പത്, തെക്കൻ ശർഖിയ-ഒമ്പത്, ദാഹിറ-എട്ട്, ബുറൈമി-ഏഴ്, അൽ വുസ്ത-അഞ്ച്, മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

