കോവിഡ്: ഒമാെൻറ എണ്ണയിതര വരുമാനത്തിൽ ഇടിവ്
text_fieldsമസ്കത്ത്: കോവിഡ് സാഹചര്യം രാജ്യത്തിെൻറ എണ്ണയിതര വരുമാനത്തെ ബാധിച്ചതായി കണക്കുകൾ. 9.8 ശതമാനത്തിെൻറ ഇടിവാണ് 2020ൽ എണ്ണയിതര വരുമാനത്തിലുണ്ടായത്. 2.70 ശതകോടി റിയാലാണ് കഴിഞ്ഞവർഷത്തെ എണ്ണയിതര വരുമാനം. 2019നേക്കാൾ 294.5 ദശലക്ഷം റിയാലിെൻറ കുറവാണ് ഉണ്ടായതെന്ന് ധനകാര്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് സർക്കാർ സേവനങ്ങളുടെ പ്രവർത്തനം ചുരുക്കിയതും സ്വകാര്യ മേഖലയുടെ സമ്മർദം കുറക്കാൻ നികുതിയിനത്തിലും മറ്റും നൽകിയ ഇളവുകളാണ് വരുമാനം കുറയാൻ കാരണം.
വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള ഫീസുകളിലും നികുതിയിലുമെല്ലാം മഹാമാരികാലത്ത് കുറവുണ്ടായിട്ടുണ്ട്. കമ്പനികളിൽനിന്നുള്ള വരുമാന നികുതി, കസ്റ്റംസ് നികുതി, വരുമാന നികുതി, സർക്കാർ നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം തുടങ്ങിയവയിലും കുറവുണ്ടായി.
നികുതി, ഫീസ് ഇനത്തിൽ ലഭിച്ചത് 1.19 ശതകോടി റിയാലാണ്. ബജറ്റിലെ പ്രതീക്ഷിത വരുമാനത്തിൽനിന്ന് 23.8 ശതമാനത്തിെൻറ കുറവാണ് ഈ വിഭാഗത്തിലുണ്ടായത്. കസ്റ്റംസ് നികുതിയായി 185.7 ദശലക്ഷം റിയാലും ലഭിച്ചു. പ്രതീക്ഷിത കസ്റ്റംസ് നികുതിയിൽനിന്ന് 94 ദശലക്ഷം റിയാൽ കുറഞ്ഞപ്പോൾ കമ്പനികളുടെ വരുമാന നികുതിയിൽനിന്ന് 81.6 ദശലക്ഷം റിയാലും കുറഞ്ഞു. യാത്രാനിയന്ത്രണങ്ങളുടെ ഫലമായി വിമാനത്താവളങ്ങളിൽനിന്നും തുറമുഖങ്ങളിൽനിന്നുമുള്ള വരുമാനം 48.5 ശതമാനവും ഇടിഞ്ഞതായും ധനകാര്യ മന്ത്രാലയത്തിെൻറ കണക്കുകൾ കാണിക്കുന്നു.