മസ്കത്ത്: ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി. ഇതിൽ മസ്കത്ത് മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരണപ്പെട്ടു. 61 പേർ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്തു.
ഒമാനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ് തിങ്കളാഴ്ചയിലേത്. 33 കേസുകളിൽ 31ഉം തലസ്ഥാനമായ മസ്കത്ത് ഗവർണറേറ്റിലാണ് എന്നതാണ് മറ്റൊരു ആശങ്കയുണർത്തുന്ന കാര്യം. ദാഖിലിയ, ദാഹിറ മേഖലകളിൽ ഒരോരുത്തർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ 75 ശതമാനം കോവിഡ് രോഗികളും മസ്കത്ത് മേഖലയിലാണ്.