കോവിഡ്: ഇന്ത്യക്ക് സഹായമയച്ച് ഒമാൻ
text_fieldsഇന്ത്യയിലേക്ക് ഒമാൻ നൽകിയ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ സഹായം വിമാനത്തിൽ കയറ്റുന്നു
മസ്കത്ത്: കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യക്ക് ഒമാെൻറ സഹായഹസ്തം. അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ സഹായങ്ങളുമായി ബുധനാഴ്ച ഒമാൻ റോയൽ വ്യോമസേനയുടെ വിമാനം ഇന്ത്യയിലേക്ക് പറന്നതായി എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
വെൻറിലേറ്ററുകൾ, എസ്.പി.ഒ2 മോണിറ്ററുകൾ, മരുന്നുകൾ എന്നിവയാണ് ഒമാൻ കയറ്റി അയച്ചിരിക്കുന്നത്. ഇന്ത്യയും ഒമാനും പതിറ്റാണ്ടുകളായി തുടരുന്ന സൗഹൃദത്തിെൻറ അടയാളമെന്ന നിലയിലാണ് പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ സഹായിക്കാൻ രംഗത്തുവന്ന സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനും ഒമാൻ ജനതക്കും ഇന്ത്യൻ സർക്കാർ നന്ദിയും കടപ്പാടും അറിയിക്കുന്നതായി എംബസി അധികൃതർ പറഞ്ഞു.
ഒമാനിൽ പ്രവാസി സമൂഹം ശേഖരിച്ച വിവിധ മെഡിക്കൽ ഉപകരണങ്ങളും ഈ വിമാനത്തിൽ കയറ്റിഅയച്ചിട്ടുണ്ട്. 30ഓക്സിജൻ കോൺസൺട്രേറ്ററുകളും 100ഓക്സിജൻ സിലിണ്ടറുകളുമാണ് പ്രവാസികൾ നൽകിയത്. ഒമാനുമായി കോവിഡ് പ്രതിരോധത്തിലും മറ്റു പരസ്പര സഹകരണത്തിെൻറ മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എംബസി പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാം തരംഗം പടർന്നുപിടിച്ച ഇന്ത്യയിൽ ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾക്ക് കുറവ് വന്നതിനെ തുടർന്ന് നേരത്തേ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സഹായമെത്തിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഒമാനും സഹായമെത്തിക്കാൻ രംഗത്തുവന്നിരിക്കുന്നത്. ഒമാനിലെ പ്രവാസിസമൂഹത്തിലെ വ്യക്തികളും സംഘടനകളും മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് നൽകാൻ രംഗത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

