കോവിഡ് വ്യാപനം: തൊഴിലിടങ്ങളിൽ മിന്നൽ പരിശോധന
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം പിടി തരാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ കർക്കശ നടപടികൾക്കായി ആരോഗ്യ വകുപ്പ്. വരും ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിൽ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു.
ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശോധന സംഘങ്ങൾക്ക് രൂപം നൽകി. ഇവർ ഒാഫിസുകളിൽ മിന്നൽ പരിശോധന നടത്തുകയും ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ തൽക്ഷണം നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വ്യക്തികൾ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങൾക്ക് പുറമെ കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായി പ്രത്യേക സുരക്ഷ പ്രോേട്ടാക്കോളിനും രൂപം നൽകിയിട്ടുണ്ട്. ഇത് രണ്ടും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന.. ഇതോടൊപ്പം മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ ഉയർത്തുന്നതും പരിഗണനയിലുണ്ട്. ജൂലൈ രണ്ടിന് അവസാനിച്ച ആറ് ആഴ്ചക്കുള്ളിൽ രോഗപകർച്ചയുടെ തോത് ഭയനാകമായ വിധത്തിലാണ് മാറിയതെന്ന് കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഒരാഴ്ചക്കുള്ളിൽ ഒമ്പതിനായിരം രോഗികൾ എന്നത് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. എല്ലാ സ്ഥാപനങ്ങളും പ്രതിരോധ നടപടികൾ പിന്തുടരണം. സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ പ്രതിരോധ-സുരക്ഷ നടപടികളെ കുറിച്ച് ബോധവാന്മാരാകണം. സുരക്ഷാ നടപടികൾ പാലിക്കാത്തവരെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയും വേണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മഹാമാരിയുടെ ആദ്യമാസങ്ങളിൽ സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുകയും സർക്കാർ നടപടികളോട് സഹകരിക്കുകയും ചെയ്തിരുന്നു. ഇതുവഴി രോഗപകർച്ച തടഞ്ഞുനിർത്താൻ സാധിച്ചു. നിലവിലെ സാഹചര്യം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന് ഡോ. അൽ സഇൗദി ഒാർമിപ്പിച്ചു. സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ കോവിഡ് ലക്ഷണങ്ങൾ ഒളിച്ചുവെക്കാൻ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരോട് തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലോ പരിശോധനക്ക് എത്തിക്കണം. പൊതുജന താൽപര്യം മുൻ നിർത്തി ഇത്തരം കേസുകൾ ഒളിച്ചുവെക്കരുത്. കോവിഡ് സ്ഥിരീകരിക്കുന്ന പക്ഷം ജീവനക്കാരന് ക്വാറൈൻറനുള്ള സൗകര്യങ്ങൾ തൊഴിലുടമ ഒരുക്കി നൽകണം. ക്വാറൈൻറൻ സമയത്ത് ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്ന സ്വകാര്യ കമ്പനികൾക്ക് അഞ്ഞൂറ് റിയാൽ വരെയാണ് പിഴ ചുമത്തുക. തൊഴിൽ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധം സംബന്ധിച്ച വിവിധ ഭാഷകളിലുള്ള ബോധവത്കരണ പോസ്റ്ററുകൾ പതിക്കുക, പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതിരിക്കൽ, േജാലി സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും സാനിറ്റൈസറുകൾ ലഭ്യമാക്കതിരിക്കൽ, സാനിറ്റൈസറിൽ ആൽക്കഹോൾ അംശം കുറയൽ തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.