കോവിഡ് ബാധിതരിൽ റെക്കോഡ് വർധന, രോഗികൾ 4000 പിന്നിട്ടു
text_fieldsമസ്കത്ത്: ഒമാനിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 209 വിദേശികൾ അടക്കം 298 പേർക്ക്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർ രോഗബാധിതരാകുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4019 ആയി. രോഗമുക്തി നേടിയവർ 1289 ആയി ഉയർന്നിട്ടുണ്ട്.
മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. പുതിയ രോഗികളിൽ 245 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ തലസ്ഥാന ഗവർണറേറ്റിലെ മൊത്തം രോഗബാധിതർ 2971 ആയി. തെക്കൻ ബാത്തിനയിൽ 24 പേർക്കും ദാഖിലിയയിൽ 15 പേർക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് പരിശോധന ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് സെൻറർ അറിയിച്ചു. കോവിഡ് പരിശോധനക്ക് ഒരുവിധ പാർശ്വഫലങ്ങളുമില്ല.
അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് കോവിഡ് രോഗ നിർണയം നടത്തുന്നത്. രോഗലക്ഷണങ്ങളുള്ള വിദേശികൾ പരിശോധനക്കായി മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും രോഗപരിശോധനകൾ നടന്നുവരുന്നുണ്ട്. റസിഡൻറ് കാർഡ് ഇല്ലാത്തവർക്കും കാലാവധി കഴിഞ്ഞവർക്കും രോഗനിർണയവും ചികിത്സയും സൗജന്യമായി ലഭിക്കുകയും ചെയ്യുമെന്നും അണ്ടർസെക്രട്ടറി ഒാർമിപ്പിച്ചു. ഇതോടൊപ്പം മൊബൈൽ പരിശോധനാ ബസുകളും ആരംഭിച്ചിട്ടുണ്ട്. പരിശോധനാ കേന്ദ്രങ്ങളിലേക്ക് വിദേശ തൊഴിലാളികൾക്ക് പോകാൻ ബസ് സർവിസുകളും തുടങ്ങിയതായി അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
