മസ്കത്ത്: സമ്പർക്കവിലക്ക് കാലത്ത് വീട്ടിലിരുന്ന മസ്കത്തിലെ പ്രവാസി വീട്ടമ്മ മാർ ചേർന്ന് ഒരുക്കിയ ഹ്രസ്വചിത്രം ‘ചെയ്ഞ്ച്’ ശ്രദ്ധേയമാവുന്നു. മലയാളി മംമ്സ് മിഡിലീസ്റ്റ് എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് അവരവരുടെ വീടുകളിലിരുന്ന് ഒമ്പത് സന്ദേശങ്ങളടങ്ങുന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഈ മഹാമാരിയുടെ കാലത്ത് നാം എടുക്കേണ്ടുന്ന ചില മുൻകരുതലുകൾ ചിത്രം ഓർമപ്പെടുത്തുന്നു. വീട്ടുജോലികളിലെ പരസ്പര ഉത്തരവാദിത്തത്തിെൻറയും ആർഭാടവും ആഘോഷവും ഒഴിവാക്കി കരുതലോടെ നിൽക്കേണ്ടതിെൻറയും കുട്ടികളോടും കുടുംബത്തോടും കൂടുതൽ സമയം ചെലവഴിക്കേണ്ടതിെൻറയും പ്രാധാന്യത്തെ കുറിച്ച് ചിത്രം നമ്മെ ഉണർത്തുന്നു. ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് സാന്ത്വനമേകാനും താങ്ങാവാനും വീണുകിട്ടിയ ഒഴിവുസമയത്തെ നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള സമയമായി കാണാനും നിയമങ്ങളെ അനുസരിച്ച് ഈ കൊറോണ കാലം അതിജീവിക്കാനുമുള്ള സന്ദേശങ്ങളാണ് ‘ചെയ്ഞ്ച്’ പകർന്നുനൽകുന്നത്. നല്ലൊരു നാളേക്കുവേണ്ടി നാം മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു എന്നആശയമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ ലോക്ഡൗൺ സമയം അതു നല്ലരീതിയിൽ കൊണ്ടുപോകാമെന്ന് ഇതിെൻറ അണിയറപ്രവർത്തകർ തെളിയിച്ചിരിക്കുന്നു. ചിത്രത്തിെൻറ ആശയം, രചന, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് മീര മേനോൻ ആണ്. എഡിറ്റിങ് അനി നാടകപ്പുര. അഷ്നി ഷിറാസ്, അഞ്ജന നിതിൻ, ചിന്തു ഡെറിക്, സരയു ഷൻജിത്, ദീപ്തി ജിഷ്ണു, സന്ധ്യ അനീഷ്, പ്രവീണ രാജേഷ്, രമ്യ ഷാജി, മീര അഭിലാഷ് എന്നിവർക്ക് ഒപ്പം കുരുന്നുകളും അഭിനയിച്ചിട്ടുണ്ട്.