കോവിഡ്: ആരോഗ്യ പ്രവർത്തകർക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നു
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നു. അമിതമായ ഉത്കണ്ഠക്കും ഉറക്കമില്ലായ്മക്കും മാനസികാരോഗ്യ വിദഗ്ധരുടെ പിന്തുണ തേടുന്നവരുടെ എണ്ണം കൂടുകയാണെന്ന് റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ഫരിയാൽ അൽ ലവാത്തി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെയായി ഇത്തരം രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. ജനങ്ങൾക്ക് ഒരു മണിക്കൂർ മുഖാവരണം ധരിക്കാനും ഒത്തുചേരലുകളിൽനിന്ന് വിട്ടുനിൽക്കാനും ബുദ്ധിമുട്ടാണ്.ആരോഗ്യപ്രവർത്തകർ ദിവസം മുഴുവൻ മാസ്ക്കും മെഡിക്കൽ കിറ്റുകളുമെല്ലാം ധരിച്ച് ദിവസം മുഴുവൻ ജോലിചെയ്യുന്നത് എങ്ങനെയെന്ന് അവർ ചിന്തിക്കുന്നില്ലെന്ന് ഡോ. ഫരിയാൽ പറഞ്ഞു. സമ്മർദങ്ങൾ അകറ്റാൻ സഹപ്രവർത്തകർ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള സന്ദർശനവും തങ്ങൾക്ക് കരുത്ത് പകരുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. മഹാമാരിയുടെ പിന്നിട്ട മാസങ്ങളിൽനിന്ന് മനസ്സിലായത് അസുഖം സുഖപ്പെടാൻ മരുന്നിൽ വിശ്വാസം അർപ്പിക്കുന്നതിന് പകരം ആരോഗ്യ സുരക്ഷ നടപടികൾ പിന്തുടരുകയാണ് വേണ്ടതെന്നാണ്.വരാനിരിക്കുന്ന കോവിഡ് വാക്സിെൻറ ഫലപ്രാപ്തി 40 മുതൽ 50 ശതമാനം വരെയാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡോ. ഫരിയാൽ പറഞ്ഞു.