കോവിഡ്: ഒമാനിൽ പ്രതിദിന രോഗികൾ 200ൽ താഴെ തന്നെ
text_fieldsവാക്സിൻ സ്വീകരിച്ചവർ 23.36 ലക്ഷമായി
മസ്കത്ത്: ഒമാനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ൽ താഴെയായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ആശ്വാസകരമായ ഈ സ്ഥിതി തുടരുകയാണ്. 120 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,570 ആയി ഉയർന്നു. അഞ്ചു പേർ കൂടി മരിച്ചു. 4043 പേരാണ് ഇതുവരെ മരിച്ചത്. മൊത്തം കോവിഡ് ബാധിതരുടെ 1.3 ശതമാനമാണ് മരണസംഖ്യ. 221 പേർക്ക് കൂടി രോഗം ഭേദമായി. 2,90,631 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.4 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
21 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 169 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 75 പേർ ഐ.സി.യുവിലാണ്. ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 23.36 ലക്ഷമായി. മുൻഗണന പട്ടികയിലുള്ളവരുടെ 66 ശതമാനമാണിത്. 12.94 ലക്ഷം പേർ ഒറ്റഡോസ് മാത്രമാണ് സ്വീകരിച്ചത്. 10.42 ലക്ഷം പേർ രണ്ടു ഡോസും സ്വീകരിച്ചു. മുൻഗണന പട്ടികയിലുള്ളവരുടെ 29 ശതമാനമാണ് രണ്ടു ഡോസും സ്വീകരിച്ചവരുടെ എണ്ണം. ദോഫാർ ഒഴിച്ചുള്ള ഗവർണറേറ്റുകളിൽ വാക്സിനേഷന് മികച്ച പ്രതികരണമാണുള്ളതെന്നും ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ കാണിക്കുന്നു.