െഎസൊലേഷൻ കേന്ദ്രങ്ങളിൽ മികച്ച സൗകര്യം; നന്ദി പറഞ്ഞ് സുഖപ്പെട്ടവർ
text_fieldsമസ്കത്ത്: കോവിഡ് സ്ഥിരീകരിച്ചവർക്ക് ചികിത്സക്കും െഎസൊലേഷനുമായി സർക്കാറും സാമൂഹിക സംഘടനകളും ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ ഏറെ പ്രശംസ നേടുന്നു. സെൻററുകളിലെ ഭക്ഷണമടക്കം സൗകര്യങ്ങൾക്കൊപ്പം ഡോക്ടർമാരും നഴ്സുമാരുമടക്കം ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളും വാചാലരായി വിവരിക്കുകയാണ് അസുഖം സുഖപ്പെട്ട് വന്നവർ. സർക്കാർ വിവിധ സ്ഥലങ്ങളിൽ െഎസോലേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കെ.എം.സി.സി ബദർ അൽ സമ ആശുപത്രിയുമായി ചേർന്ന് മത്രയിലെ നസീം ഹോട്ടലിലും െഎസോലേഷൻ സെൻറർ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച അസുഖം ഭേദമായി തിരിച്ചെത്തിയ മത്രയിലെ വ്യാപാരിയായ തിരൂർ സ്വദേശി യുസുഫ് നസീം ഹോട്ടലിലെ െഎസോലേഷൻ കേന്ദ്രത്തിലായിരുന്നു ഉണ്ടായിരുന്നത്. മൂന്നുനേരവും കേരളീയ ഭക്ഷണത്തിനൊപ്പം കഴിക്കാൻ പഴവർഗങ്ങളും ലഭിച്ചിരുന്നതായി യൂസുഫ് പറയുന്നു. ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാൻ മലയാളി നഴ്സ് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം അന്വേഷിക്കുകയും പ്രയാസമുണ്ടെങ്കിൽ ബന്ധപ്പെടാൻ എമർജൻസി നമ്പർ നൽകുകയും ചെയ്തിരുന്നു. ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹെൽത്ത് സെൻററിൽ േപായത്. തൊണ്ട വരണ്ട അവസ്ഥയും എപ്പോഴും വെള്ളം കുടിക്കാനുള്ള തോന്നലും ഉണ്ടായിരുന്നു. പരിശോധന നടത്തിയപ്പോൾ പോസിറ്റിവായി കണ്ടെത്തിയതോടെ ഏപ്രിൽ 21നാണ് െഎസൊലേഷൻ സെൻററിൽ പോയത്.
മലപ്പുറം തിരൂർ സ്വദേശി ഗാലയിൽ സർക്കാറിന് കീഴിലുള്ള െഎസോലേഷൻ സെൻററിലായിരുന്നു. ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. മുറിയിലെ മറ്റുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് വീട്ടിൽ ക്വാറൻറീനിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, മുറിയിൽ കൂടുതൽ ആളുകളുള്ളതിനാൽ അധികൃതരോട് െഎസോലേഷൻ സൗകര്യം ആവശ്യപ്പെടുകയായിരുന്നു.
മുട്ടയും ബിരിയാണിയും അടക്കമുള്ള ഭക്ഷണത്തിന് ഒപ്പം പഴവർഗങ്ങളും ലഭിച്ചിരുന്നു. സെൻററിൽ ഡോക്ടർമാരും മലയാളി നഴ്സുമാരും സേവനത്തിനുണ്ടായിരുന്നു. രോഗസംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടികൾ നൽകുകയും ആവശ്യങ്ങൾ അറിയിച്ചാൽ പരിഗണിക്കുകയും ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലെ റൂവിയിലെ െഎസൊലേഷൻ സെൻററിലും മികച്ച സേവനം ലഭിച്ചതായി രോഗം സുഖമായി തിരിച്ചെത്തിയ കണ്ണൂർ സ്വദേശി പറയുന്നു. കാര്യങ്ങൾ അന്വേഷിക്കാനും പുറത്തുനിന്നുള്ള കാര്യങ്ങൾ ചെയ്തുതരാനുമായി കെ.എം.സി.സി, വെൽഫെയർ ഫോറം പ്രവർത്തകരും ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
