കോവിഡ്: വീടുകളിലെത്തി വാക്സിൻ നൽകാൻ തുടങ്ങി
text_fieldsവാക്സിനേഷനായി വീടുകളിൽ എത്തിയ ആരോഗ്യപ്രവർത്തകർ
മസ്കത്ത്: കോവിഡ് വാക്സിൻ കുത്തിവെപ്പ് വീടുകളിലെത്തി നൽകുന്ന പദ്ധതിക്ക് തുടക്കമായതായി ഒമാൻ ആേരാഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ തലസ്ഥാന ഗവർണറേറ്റിലെ മസ്കത്ത്, മത്ര വിലായത്തുകളിലാണ് ഇതിന് തുടക്കമായത്. ശേഷം മസ്കത്തിലെ മറ്റ് വിലായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കമ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന് കീഴിൽ രജിസ്റ്റർ ചെയ്തവർക്കാണ് വീടുകളിലെത്തി വാക്സിൻ നൽകുക. മുൻഗണനാപട്ടികയിലുള്ളവർക്ക് വാക്സിൻ നൽകുന്നതിനായി സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആരോഗ്യ മന്ത്രാലയം അവലോകനയോഗത്തിൽ ഉൗഹാപോഹങ്ങൾ വിശ്വസിച്ച് വാക്സിനേഷൻ സ്വീകരിക്കാത്ത സാഹചര്യമുണ്ടെന്ന് വിലയിരുത്തിയിരുന്നു. പ്രവർത്തനക്ഷമവും സുരക്ഷിതവുമായ മരുന്നുകളാണ് ഒമാൻ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഒരു ആശങ്കയും ആവശ്യമില്ലെന്നും യോഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഒമാനിൽ ഇതുവരെ 90,825 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 24,979 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2326 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

