കോവിഡ്: ഒമാനിൽ 11 പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 11 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണം 1275 ആയി. പുതിയ പ്രതിദിന രോഗികളുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവുണ്ട്. 319 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,16,847 ആയി. 363 പേർ കൂടി രോഗമുക്തരായി. 1,06,903 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 91.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 32 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 371 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളിൽ 156 പേരും മസ്കത്തിലാണ്. സീബ്-12, മസ്കത്ത്-42, ബോഷർ-36, അമിറാത്ത്-15, മത്ര-പത്ത്, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ കണക്കുകൾ. വടക്കൻ ബാത്തിനയിലെ 45 പുതിയ രോഗികളിൽ 31 പേരും സുഹാറിലാണ്. ദാഖിലിയ-29, തെക്കൻ ബാത്തിന-28, ദാഹിറ-15, ദോഫാർ-12, തെക്കൻ ശർഖിയ-11, വടക്കൻ ശർഖിയ-അഞ്ച്, അൽ വുസ്ത-നാല്, മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

