കോവിഡ് പ്രതിദിന മരണം മൂന്നുമാസത്തെ താഴ്ന്ന നിരക്കിൽ
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ആറുപേർകൂടി മരിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 3974 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 224 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,99,642 ആയി.
565 പേർക്കുകൂടി രോഗം ഭേദമായി. 2,87,244 പേരാണ് ഇതുവരെ രോഗമുക്തരായത്. 96 ശതമാനമാണ് രോഗമുക്തി നിരക്ക്. 23 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 281 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 124 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
രാജ്യത്ത് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. മസീറയിൽ വിദേശികൾക്കുള്ള സൗജന്യ വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കുമെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള വിദേശികൾക്ക് ഓക്സ്ഫഡ് ആസ്ട്രാസെനക വാക്സിെൻറ ആദ്യ ഡോസാണ് നൽകുക. കുത്തിവെപ്പ് എടുക്കാനുള്ളവർ റെസിഡൻറ് കാർഡുമായി മസീറ സ്പോർട്സ് ക്ലബിൽ എത്തണം. രണ്ടാഴ്ച ഇവിടെ വിദേശികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാകും.
ദാഹിറ ഗവർണറേറ്റിലെ അൽ മുഹല്ലബ് ഇബ്നു അബീ സുഫ്റ ഹാളിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചതായുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിദേശികൾക്കുള്ള വാക്സിനേഷൻ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

