കോവിഡ് പ്രതിരോധം: ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി
text_fieldsആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി കണ്ടെത്തൽ
മസ്കത്ത്: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. കോവിഡ് പടരാനുള്ള സാധ്യത കുറക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരും രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ബൂസ്റ്റർ ഡോസെടുക്കാൻ ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കൺട്രോൾ പുതുതായി പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മുതൽ ഒമ്പതു മാസം വരെ കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. സംശയാസ്പദകരമായ കേസുകൾ നേരത്തെതന്നെ പരിശോധിച്ച് ഐസോലേറ്റ് ചെയ്യണം. ഇത് വലിയ ഒരു വിഭാഗത്തിലേക്ക് അണുബാധയുടെ വ്യാപനം തടയാൻ സഹായകമാകും. അനാവശ്യമായ കൂടിച്ചേരലുകൾ തടയുക, ആവശ്യമുള്ളവർക്ക് അസുഖ അവധി അനുവദിക്കുക, ആശുപത്രികളിൽ സന്ദർശകരെ കുറക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെയായി ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസുകൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സ്വദേശികൾക്കും വിദേശികൾക്കുമായി അധികൃതർ നിർദേശം നൽകിയത്. രാജ്യത്ത് ഇതിനകം ലക്ഷക്കണക്കിനാളുകൾ മൂന്നാംഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.
രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മേയ് 22 മുതൽ ഒഴിവാക്കിയിരുന്നു. ഏകദേശം രണ്ടു വർഷവും രണ്ടു മാസത്തിന്‍റെയും ഇടവേളക്കു ശേഷമായിരുന്നു കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിൽനിന്ന് രാജ്യം മുക്തമാകുന്നത്. അതേസമയം, മുൻകരുതൽ നടപടികൾ തുടരണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകൾ വീട്ടിൽതന്നെ കഴിയണം.
മറ്റുള്ളവരുമായി ഇടകലരുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

