കോവിഡ് മരണം :മംഗളെൻറ മൃതദേഹം സംസ്കരിച്ചത് മഹല്ല് കൂട്ടായ്മ
text_fieldsമസ്കത്ത്: ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് കോവിഡ് ബാധിച്ച് ബർക്കയിൽ മരണപ്പെട്ട കൂത്തുപറമ്പ് സ്വദേശിയുടെ മൃതദേഹം സുഹാറിൽ സംസ്കാരിച്ചു. കോട്ടയംപൊയിൽ കോലാക്കാവ് സ്വദേശി കായക്കണ്ടി വീട്ടിൽ മംഗളെൻറ (53) മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഹിന്ദു മതാചാര പ്രകാരം സംസ്കരിച്ചത്. തലശേരിക്കടുത്ത് പൊന്ന്യം സെറാബി മഹല്ല് കൂട്ടായ്മയിലെ ആസിഫ് തട്ടാൻ, ഇ.എ. ഷഹസാദ്, സി.വി. അബ്ദുൽ റഹീം കോട്ടൂർ എന്നിവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
മരണപ്പെട്ടയാളുടെ ബന്ധുക്കളാരും ഒമാനിൽ ഇല്ലാത്ത സാഹചര്യത്തിൽ നാട്ടിൽ നിന്ന് പഞ്ചായത്തംഗം രാജേന്ദ്രൻ അടക്കമുള്ളവർ ആവശ്യപ്പെട്ട പ്രകാരമാണ് സംസ്കാരത്തിന് മുന്നിട്ടിറങ്ങിയതെന്ന് ആസിഫ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് റുസ്താഖ് ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകിട്ടിയത്. പൊന്ന്യം വെസ്റ്റ് മഹല്ല് ഖാസി ഇബ്രാഹീം ബാഖവി, പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ഹാജി, ജനറൽ സെക്രട്ടറി ഉസ്മാൻ കുട്ടി ഹാജി, അബ്ദുൽ സഹൽ തുടങ്ങിയവർ തിങ്കളാഴ്ച രാവിലെ കോട്ടയംപൊയിലിലെ പരേതെൻറ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കുകയും സംസ്കാര ചടങ്ങുകൾ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
