പ്രതിദിനകേസുകൾ ആയിരവും കടന്ന് കോവിഡ്
text_fieldsമസ്കത്ത്: മാസങ്ങളുടെ ഇടവേളക്കു ശേഷം പ്രതിദിന കണക്കുകൾ ആയിരവും കടന്ന് കോവിഡ്. 1113പേർക്ക് കൂടിരോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മഹാമാരി ബാധിതരായി കഴിയുന്നവരുടെ എണ്ണം 6894 ആയി ഉയർന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമായ കാര്യമാണ്. 3,13,538, ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. തിങ്കളാഴ്ച 344പേർക്കു കൂടി അസുഖം ഭേദമായി. 96.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 3,02,522പേർക്കാണ് അസുഖം ഭേദമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26പേരെ കൂടി രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴയുന്നവരുടെ എണ്ണം 87 ആയി. ഇതിൽ 12പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4122 ആളുകളാണ് ഇതുവരെ കോവിഡ് പിടിപെട്ട് മരിച്ചത്.
പിടിതരാതെ കോവിഡ് കേസുകൾ മുകളിലോട്ടുതന്നെ കുതിക്കുകയാണ്. കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് മൂവായിരത്തിലധികം ആളുകൾക്കാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 80ൽ അധികം രോഗികളെയാണ് പ്രവേശിപ്പിച്ചത്. വരും ദിനങ്ങളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. ഇതു കണ്ട് വേണ്ട മുൻകരുതൽ നടപടികൾ അധികൃതർ എടുത്തിട്ടുണ്ട്. എന്നാൽ, കോവിഡ് കേസുകൾ ദൈനംദിനം കുതിച്ചുയരുമ്പോഴും ഒരു മാനദണ്ഡവും പാലിക്കാൻ കുറഞ്ഞ ഒരുവിഭാഗം ആളുകൾ ഇപ്പോഴും തയാറാകുന്നില്ല. മാസ്ക് പോലും ശരിക്ക് ധരിക്കാതെയാണ് ഇക്കൂട്ടർ പൊതുഇടങ്ങളിൽ ഇട പഴകുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

