കോവിഡ് പ്രതിസന്ധി; കരകയറാനാകാതെ ചെറുകിട വ്യാപാരികൾ
text_fields മസ്കത്ത്: രണ്ടു വർഷത്തിലധികം നീണ്ട കോവിഡും മറ്റു നിയന്ത്രണങ്ങളും അയഞ്ഞെങ്കിലും പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിയാതെ പ്രയാസപ്പെടുകയാണ് പ്രവാസികൾ. കോവിഡ് കാലത്തെ വാടകയാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്നത്. വാടക കൊടുക്കാൻ കഴിയാത്തതിനാലും കെട്ടിട ഉടമകൾ വിട്ടുവീഴ്ച ചെയ്യാത്തതിനാലും വ്യാപാരസ്ഥാപനം ഒഴിവാക്കി നാടണഞ്ഞവരും നിരവധിയാണ്. എന്നാൽ, സ്ഥാപനങ്ങൾ അടച്ചിട്ട ലോക്ഡൗൺ കാലത്തെ വാടക പൂർണമായി ഒഴിവാക്കി മാതൃക കാട്ടിയവരും ഭാഗികമായി ഒഴിവാക്കി ഇളവ് നൽകിയവരും നിരവധിയാണ്.
കോവിഡ് പ്രതിസന്ധി കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് നീണ്ട മാസങ്ങൾ ഹോട്ടലുകളും കഫറ്റീരിയകളും മറ്റു ചെറുകിട സ്ഥാപനങ്ങളും വ്യാപാരികൾ അടച്ചിട്ടിരുന്നു. കാര്യമായ നീക്കിയിരിപ്പൊന്നുമില്ലാത്ത ഇത്തരക്കാരുടെ സ്ഥാപനങ്ങൾ അടഞ്ഞതോടെ പലരും ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ടിരുന്നു. ഇവരിൽ പലരും കോവിഡ് പ്രതിസന്ധിക്ക് നേരിയ അയവ് വരുകയും വിമാനസർവിസുകൾ പുനരാരംഭിക്കുകയും ചെയ്തതോടെ എല്ലാം ഇട്ടെറിഞ്ഞ് നാടണയുകയായിരുന്നു.
കടബാധ്യത അടക്കമുള്ള നിരവധി കാരണങ്ങളാൽ എല്ലാം സഹിച്ച് പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരും നിരവധിയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതോടെ വീണ്ടും കടകളും സ്ഥാപനങ്ങളും തുറന്നവരിൽ പലർക്കും പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഏറെ സമയമെടുത്തിരുന്നു. അതിനിടയിലാണ് ചില കെട്ടിട ഉടമകൾ കോവിഡ് കാലത്തെ വാടക ആവശ്യപ്പെട്ടുതുടങ്ങിയത്. മഹാമാരി മാസങ്ങളോളം അടച്ചിട്ടതിനാൽ ആയിരക്കണക്കിന് റിയാലാണ് പലരും വാടക ഇനത്തിൽ നൽകാനുള്ളത്. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് തുച്ഛമായ നീക്കിയിരിപ്പുകൊണ്ട് ഈ കുടിശ്ശിക കൊടുത്തുതീർക്കാൻ കഴിയുമായിരുന്നില്ല.
കെട്ടിക ഉടമകളിൽനിന്ന് ശല്യം വർധിച്ചതോടെ ഇത്തരം സ്ഥാപനങ്ങൾ ഇട്ടെറിഞ്ഞുപോയവരും നിരവധിയാണ്. മറ്റു ചിലർ ഗത്യന്തരമില്ലാതെ സ്ഥാപനങ്ങൾ വിറ്റ് ബാധ്യതകൾ തീർക്കുന്നവരുമുണ്ട്. വർഷങ്ങളായി കഠിനാധ്വാനംചെയ്ത് വളർത്തിയെടുത്ത ഇത്തരം സ്ഥാപനങ്ങൾ ഇങ്ങനെ വിൽപന നടത്തി ബാധ്യത തീർക്കുമ്പോൾ ഒന്നും ലഭിക്കാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് മലയാളികളടക്കമുള്ള ചെറുകിട കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

