കോവിഡ് കേസുകൾ മുകളിലേക്ക്, ജാഗ്രത താഴേക്ക്
text_fieldsമസ്കത്ത്/മത്ര: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). ഒരിടവേളക്കുശേഷം രോഗ ബാധിതരുടെ എണ്ണത്തിൽ കുതിപ്പാണ് കാണിക്കുന്നത്. മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പലരും അലസത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കർശന പരിശോധനയുമായി ആർ.ഒ.പി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിക്ക് മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന് പിഴ ചുമത്തി. ഈ മാസം അവസാന 10 ദിവസത്തെ കണക്കുപ്രകാരം 224 ആളുകൾക്കാണ് മഹാമാരി പിടിപെട്ടിട്ടുള്ളത്. 105 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഈ മാസത്തിലെ ഏറ്റവും വലിയ പ്രതിദിന രോഗനിരക്ക് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 46 പേർക്കാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ചത്. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകൾ സംഘടിക്കുന്നത് ദിവസങ്ങൾക്കു മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിരുന്നു.
പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ 17 പേർക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്നാണ് ആരോഗ്യമേഖലയിലുള്ളവർ നൽകുന്ന മുന്നറിയിപ്പ്. ഒരുപക്ഷേ വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഒമിക്രോൺ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ഇതിനെതിരെ ശക്തമായ മുൻകരുതൽ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഒരുവിഭാഗം ആളുകൾ ഇപ്പോഴും അലസമായാണ് കാര്യങ്ങൾ കൈകാര്യംചെയ്യുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പൊതു ഇടങ്ങളിൽ ഇടപെടുന്നത്. സാനിറ്റൈസറും ശരീരോഷ്മാവ് അളക്കുന്ന ഉപകരണങ്ങളുമെല്ലാം പല സ്ഥാപനങ്ങളിലും നോക്കുകുത്തിയായ സാഹചര്യമാണുള്ളത്. ഈയൊരു സാഹചര്യംകൂടി പരിഗണിച്ചാണ് ആർ.ഒ.പി അടക്കമുള്ള വിവിധ വകുപ്പുകൾ നടപടികൾ ശക്തമാക്കിയത്. രാജ്യത്തെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. റസ്റ്റാറൻറുകൾ, മീറ്റിങ് ഹാളുകൾ തുടങ്ങിയവയിൽ ആകെ സൗകര്യങ്ങളുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുവാദമുള്ളൂവെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
46പേർക്ക് കൂടി കോവിഡ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി
മസ്കത്ത്: കോവിഡ് കേസുകൾ വീണ്ടും മുകളിലോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേർക്കുകൂടി പുതുതായി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കേസുകളാണിത്. പുതിയ മരണങ്ങളൊന്നുമില്ല. ഇതുവരെ 3,04,984 പേർക്കാണ് മഹാമാരി പിടിപെട്ടത്. എട്ടുപേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,04,984 പേർക്കാണ് രോഗം ഭേദമായത്. രണ്ടുപേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4113 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചിട്ടുള്ളത്.
വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ മുൻകരുതൽ നടപടി സ്വീകരിക്കണം –മന്ത്രാലയം
മസ്കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും പാലിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ അനുവാദമുള്ളൂ. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രണ്ട് ഡോസ് വാക്സിനെടുക്കുക തുടങ്ങിയ പ്രതിരോധനടപടികൾ സ്വീകരികwwണം. വിവിധ വകുപ്പുകൾ നൽകിയ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

