‘ഞങ്ങളും കൂടിയാണ് കേരളം' കാമ്പയിൻ തുടരുന്നു
text_fieldsസലാല: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളോടുള്ള ഭരണകൂടങ്ങളുടെ അവഗണനക്കും നീതിനിഷേധത്തിനുമെതിരെ വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ ഫോറം സലാല നടത്തുന്ന കാമ്പയിൻ പുരോഗമിക്കുന്നു. 'ഞങ്ങളും കൂടിയാണ് കേരളം' എന്ന തലക്കെട്ടിൽ ജൂൺ 20ന് തുടക്കം കുറിച്ച കാമ്പയിനിൽ പ്രവാസികളുടെ മടക്കയാത്ര, ശമ്പളവും വരുമാനവും മുടങ്ങിയവരുടെ അതിജീവന സഹായങ്ങൾ, മെഡിക്കൽ സഹായം കൗൺസിലിങ്ങ് സേവനങ്ങൾ തുടങ്ങിയവ നടന്നുവരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ കാട്ടി എംബസി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവർക്ക് വെൽഫെയർ ഫോറം കത്തുകളയച്ചു.
പ്രവാസി പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ വെബിനാർ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ് ആണ് ഉദ്ഘാടനം ചെയ്തത്. മാധ്യമ പ്രവർത്തകൻ റെജിമോൻ കുട്ടപ്പനാണ് മുഖ്യ പ്രഭാഷണം നിർവഹിച്ചത്. വെൽഫെയർ ഫോറം പ്രസിഡൻറ് തഴവാ രമേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം സ്വാഗതവും വർക്കിംഗ് പ്രസിഡൻ്റ് വഹീദ് ചേന്ദമംഗല്ലൂർ സമാപനവും നിർവഹിച്ചു.
പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമഗ്രമായി വിശദീകരിക്കുന്ന പ്രവാസി അവകാശ പത്രികയും പുറത്തിറക്കി സലാലയിൽ കാൽനൂറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന കർഷകത്തൊഴിലാളിയായ വർക്കല സുകുമാരന് പ്രവാസി അവകാശ പത്രിക നൽകി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി എ.കെ.വി ഹലീമാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ജനസേവനവിഭാഗം കൺവീനർ സജീബ് ജലാൽ സ്വാഗതവും സെക്രട്ടറി പി.ടി ശബീർ നന്ദിയും പറഞ്ഞു. പ്രവാസികളുടെ അവകാശ നിഷേധിക്കുന്ന ഭരണകൂടങ്ങൾക്ക് താക്കീതായി സംഘടിപ്പിക്കപ്പെട്ട ലോക കേരള പ്രതിഷേധ സഭയിൽ സലാലയിലെ പ്രമുഖ സംഘടനാ നേതാക്കൾ സംസാരിച്ചു. എൻ.കെ. മോഹൻദാസ് നെല്ലിക്കുന്ന്,(ഇന്ത്യൻ സോഷ്യൽ ക്ലബ്), ഹരികുമാർ(ഒ.ഐ.സി.സി.), റഷീദ് കൽപറ്റ (കെ.എം.സി.സി), തഴവ രമേഷ് (വെൽഫെയർ ഫോറം)എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രക്ഷോഭ സഭയിൽ വെൽഫെയർ ഫോറം അവതരിപ്പിച്ച സർഗാവിഷ്കാരം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
