കോവിഡ്: ഒമാനിൽ 28 പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 28 പേർ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള മരണസംഖ്യയാണിത്. ഇതോടെ മൊത്തം മരണസംഖ്യ 637 ആയി. ഇത്രയും ദിവസങ്ങളിലായി 740 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84509 ആയി. 526 പേർക്ക് കൂടി രോഗം ഭേദമായി. 78912 പേരാണ് ഇതുവരെ രോഗമുക്തരായത്. 37 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 406 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. 149 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മസ്കത്തിലാണ് കൂടുതൽ രോഗികൾ. ഇവിടെ 237 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സീബ്-61, മസ്കത്ത്-55, ബോഷർ- 47, മത്ര-42, അമിറാത്ത്-21, ഖുറിയാത്ത്-11 എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ 185 പുതിയ രോഗികളിൽ 136ഉം സുഹാറിലാണ്. സുവൈഖിൽ 17ഉം സഹമിൽ 14ഉം ലിവയിൽ ഒമ്പതും ഷിനാസിൽ ഏഴും പുതിയ രോഗികളുണ്ട്. തെക്കൻ ബാത്തിനയും തെക്കൻ ശർഖിയയുമാണ് അടുത്ത സ്ഥാനങ്ങളിൽ. യഥാക്രമം 77ഉം 65ഉം പുതിയ രോഗികളാണ് ഇവിടെയുള്ളത്. തെക്കൻ ബാത്തിനയിലെ 77ൽ 55 പേരും ബർക്കയിലാണ്. തെക്കൻ ശർഖിയയിൽ സൂറിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 49 പേരാണ് ഇവിടെ പുതുതായി വൈറസ് ബാധിതരായത്. ദാഖിലിയ ഗവർണറേറ്റിലെ 65 പുതിയ രോഗികളിൽ 41ഉം നിസ്വയിലാണ്. ദോഫാർ ഗവർണറേറ്റിലെ 52 കോവിഡ് ബാധിതരിൽ 49ഉം സലാലയിലാണ്. വടക്കൻ ശർഖിയ-23, അൽ വുസ്ത-20, ദാഹിറ-10, ബുറൈമി -അഞ്ച്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

