ഒമാനിൽ ടൂറിസ്റ്റ് വിസക്ക് വിലക്ക്
text_fieldsമസ്കത്ത്: നോവൽ കൊറോണ വൈറസ് (കോവിഡ് 19) ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘട ന പ്രഖ്യാപിച്ചതിനു പിന്നാലെ ടൂറിസ്റ്റ് വിസകൾ റദ്ദാക്കുന്നതടക്കമുള്ള തീരുമാന ങ്ങളുമായി ഒമാൻ. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള തീരുമാനങ്ങൾ നടപ്പാക്കുന് നതിനായി സുൽത്താെൻറ ഉത്തരവു പ്രകാരം രൂപം നൽകിയ സുപ്രീം കമ്മിറ്റി യോഗമാണ് ഒരു മാസ ത്തേക്ക് വിസ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് വിസ വിലക്ക് അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതു പ്രകാരം ഒരു രാജ്യത്തുള്ളവർക്കും പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കില്ല. ക്രൂസ് കപ്പലുകൾ രാജ്യത്തെ തുറമുഖങ്ങളിൽ ഇക്കാലയളവിൽ അടുക്കാൻ അനുവദിക്കില്ല. എല്ലാ കായിക പരിപാടികളും സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ശീഷ ഉപയോഗം നിർത്തിവെക്കാനും കമ്മിറ്റി നിർദേശിച്ചു.
കോടതി നടപടികളിൽ കേസുകളുമായി ബന്ധപ്പെട്ടവർ മാത്രം പെങ്കടുത്താൽ മതിയെന്നും നിർദേശമുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുകയും സിനിമാശാലകളിൽ പോകുന്നത് ഒഴിവാക്കുകയും വേണം. മതപരമായതും കുടുംബപരമായതും സാമൂഹിക പരവുമായ ഒത്തുചേരലുകളിൽ എല്ലാവിധ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ചുള്ള അറിയിപ്പിൽ പറഞ്ഞു. കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്തെ സ്കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി. ഒമാനിലെ വൈറസ് ബാധ സംബന്ധിച്ച പൊതുവായ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരുകയാണെന്ന് അൽ ബുസൈദി പറഞ്ഞു. വൈറസ് ബാധയെ നേരിടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഒമാനിലെയും മറ്റു രാജ്യങ്ങളിലെയും രോഗബാധ അവലോകനം ചെയ്ത ശേഷം കമ്മിറ്റി തുടർ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
യോഗത്തിൽ ആരോഗ്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, വിദ്യാഭ്യാസ മന്ത്രാലയം, നിയമകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, റേഡിയോ ആൻഡ് ടെലിവിഷൻ പൊതുഅതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പെങ്കടുത്തു. സ്കൂളുകൾക്ക് അവധി നൽകാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി യോഗത്തിനുശേഷം പറഞ്ഞു. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നുണ്ട്. യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിെൻറ പശ്ചാത്തലത്തിൽ രക്ഷാകർത്താക്കളുടെ ആകുലതകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒാരോ രാജ്യവും അതത് ഇടങ്ങളിലെ സ്ഥിതിഗതികൾക്ക് അനുസരിച്ചാണ് നടപടി കൈകൊള്ളുക. നിലവിലെ ഒമാനിലെ സ്ഥിതി തീർത്തും നിയന്ത്രണ വിധേയമാണെന്ന് തനിക്കു പറയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒമാനിൽ ഇതുവരെ 18 കോവിഡ് ബാധകളാണ് റിപ്പോർട്ട് ചെയ്തത്. ജി.സി.സി രാഷ്ട്രങ്ങളിലെ കുറഞ്ഞ രോഗബാധയാണിത്.
വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് ജി.സി.സി രാഷ്ട്രങ്ങളിൽ മൊത്തം 675 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 67 പേർ രോഗമുക്തരായി. ഏറ്റവും പുതിയ കണക്കനുസരിച്ച് ഖത്തറാണ് രോഗബാധിതരുടെ പട്ടികയിൽ മുൻനിരയിൽ. 262 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനിൽ 195 പേർക്കും കുവൈത്തിൽ 80 പേർക്കും യു.എ.ഇയിൽ 74 പേർക്കും സൗദി അറേബ്യയിൽ 45 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 1,26,513 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4637 പേർ മരിക്കുകയും 68,317 പേർ രോഗമുക്തി നേടുകയും ചെയ്തു. ഏപ്രിൽ 15 വരെ ഇന്ത്യ ട്രാവൽ വിസകൾക്ക് നിരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ ഒമാൻ എംബസി ഒമാനി പൗരന്മാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് യാത്രപുറപ്പെടാൻ ആഗ്രഹിക്കുന്നവർ സ്ഥിതിഗതികൾ ശാന്തമാകാൻ കാത്തിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം നിലവിൽ ഇന്ത്യയിലുള്ള സ്വദേശികൾ ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അടിയന്തര സഹായം ആവശ്യമുള്ളവർ ന്യൂഡൽഹിയിലെ ഇന്ത്യൻ എംബസിയുമായോ മുംബൈയിലെ കോൺസുലേറ്റുമായോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
