മസ്കത്ത്: ഒമാനിൽ ഒമ്പത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. എട്ട് സ്വദേശികൾക്കും ഒരു വിദേശിക്കും ആണ് ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരിൽ രോഗബാധ കണ്ടെത്തുന്നത്. പുതുതായി വൈറസ് ബാധ ഉണ്ടായതിൽ ഏഴുപേർ വിദേശത്തേക്ക് യാത്ര ചെയ്തവരാണ്. രണ്ടുപേരുടെ കാര്യത്തിൽ വിശകലനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇയാളുടെ നില ഭദ്രമാണ്. മറ്റുള്ളവർ വീടുകളിലും കരുതൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒമാനിൽ ഇതുവരെ 12 പേർ കോവിഡ് രോഗവിമുക്തി നേടിയതായി അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.