കോവിഡ് 19: പ്രതിസന്ധിയുടെ നടുക്കടലിൽ പ്രവാസി സമൂഹം
text_fieldsമസ്കത്ത്: അറ്റമില്ലാത്ത പ്രതിസന്ധിയുടെ നടുക്കടലിലേക്കാണ് കോവിഡ് പ്രവാസി സമൂഹത്തെ തള്ളിയിട്ടിരിക്കുന്നത്. എല്ലാ വിഭാഗമാളുകളുടെയും ആത്മവീര്യം ചോർത്തിയാണ് മഹാമാരിയുടെ താണ്ഡവം തുടരുന്നത്. മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ് എല്ലാവരും. കച്ചവടക്കാർക്കൊപ്പം ഒാഫിസ് ജോലിക്കാരും പ്രതിസന്ധിയിലാണ്. മസ്കത്തിലെ ലോക്ഡൗണ്‍ സമയപരിധി അവസാനിക്കുന്ന മേയ് എട്ടാം തീയതിയാണ് എല്ലാവരും പ്രതീക്ഷനിറഞ്ഞ മനസ്സോടെ നോക്കിക്കാണുന്നത്. രോഗികളുടെ എണ്ണം ഇനിയുള്ള ദിവസങ്ങളിൽ കുറയുന്ന പക്ഷം വ്യാപാര സ്ഥാപനങ്ങൾക്കും ഒാഫിസുകൾക്കും പ്രവർത്തനാനുമതി നൽകുകയും സഞ്ചാരനിയന്ത്രണത്തിനുള്ള വിലക്ക് നീക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. മത്ര അടക്കമുള്ള പരമ്പരാഗത സൂഖുകളും വാണിജ്യ കേന്ദ്രങ്ങളിലെ കടകളും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 50 ദിവസത്തിലേക്ക് എത്തുകയാണ്. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് 18നാണ് ഇവിടെ കടകൾ അടച്ചിടാൻ നിർദേശിച്ചത്. മാർച്ച് 23ന് അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴിച്ച് മറ്റിടങ്ങളിലെ കടകളും അടക്കാൻ നിർദേശിച്ചു.
ഏപ്രിൽ പത്തുമുതൽ മസ്കത്തിൽ സമ്പൂർണ ലോക്ഡൗണും നിലവിൽ വന്നു. ഇത് പിന്നീട് മേയ് എട്ടുവരെ നീട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് നടന്ന സുപ്രീം കമ്മിറ്റി യോഗം കർശന വ്യവസ്ഥകളോടെ മണി എക്സ്ചേഞ്ചുകൾ, വാഹന വർക്ക്ഷോപ്പുകൾ അടക്കം ചില മേഖലകളിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു. എന്നാൽ, ലോക്ഡൗണും രോഗഭീതിയും മൂലം തുറന്നുകിടക്കുന്ന സ്ഥാപനങ്ങളിലേക്ക് ആളുകൾ അധികമായി എത്തുന്നില്ല. നിയന്ത്രണങ്ങള്‍ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് അവസാനിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് കച്ചവട രംഗത്തുള്ളവർ പറയുന്നു. ജോലിയും വരുമാന മാര്‍ഗങ്ങളും നിലച്ചതിെൻറ നിരാശ എല്ലാ വിഭാഗമാളുകളിലും പ്രകടമാണ്. കച്ചവടക്കാരുടെ വര്‍ഷത്തിലെ വിലപ്പെട്ട റമദാന്, പെരുന്നാള്‍ സീസണ് പ്രതീക്ഷകളാണ് കോവിഡ് തല്ലിക്കെടുത്തിയത്. ലേഡീസ്, ജെൻറ്സ് ടെയ്ലറിങ് മേഖലയിലുള്ളവരുടെ പ്രധാന ജോലിയും വരുമാനസമയവുമാണ് പെരുന്നാൾ സീസണ്. മാസങ്ങള്‍ക്ക് മുമ്പേ ഓര്‍ഡര്‍ സ്വീകരിച്ച് രാപ്പകലില്ലാതെ പണി ചെയ്താണ് ഇൗ മേഖലയിലുള്ളവർ വരുമാനമുണ്ടാക്കാറുള്ളത്. ആയിരക്കണക്കിന് തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും നിറപ്പകിട്ടാര്‍ന്ന ഒരു സീസണാണ് മഹാമാരിയെടുത്തത്.
കഴിഞ്ഞ മാസങ്ങളില്‍ ഭാഗികമായി ശമ്പളം ലഭിച്ചവരും പൂര്‍ണമായും ശമ്പളം ലഭിച്ചവരുമൊക്കെ മണി എക്സ്ചേഞ്ചുകള്‍ തുറന്നതോടെ നിത്യച്ചെലവിനുള്ളത് മാറ്റിവെച്ച് റമദാനും പെരുന്നാളും മുന്നിലുള്ളതിനാല്‍ ഉള്ളതൊക്കെ നാട്ടിലയച്ചു. ഈ മാസംകൂടി പ്രതിസന്ധി നീണ്ടുപോയാല്‍ സകല കണക്കുകൂട്ടലുകളും തെറ്റുമെന്ന് ഇവർ പറയുന്നു. കഴിഞ്ഞമാസം ഭാഗികമായും പകുതിയുമൊക്കെ ശമ്പളം നൽകിയ കച്ചവട സ്ഥാപന ഉടമകളും പ്രതിസന്ധിയിലാണെന്നതാണ് കാരണം. മത്രയിലെ കൂലിപ്പണിക്കാരും ദിവസവേതനക്കാരും 50 ദിവസമായി വരുമാനമില്ലാതെ വല്ലാത്ത വിഷമാവസ്ഥയിലാണ്.
റമദാൻ പിറന്നതോടെ എല്ലാ സായാഹ്നങ്ങളിലും അത്തരക്കാരുടെ ദയനീയ മുഖങ്ങള്‍ റോഡരികിൽ കാണാം. ഉദാരമതികള്‍ വാഹനങ്ങളില്‍ വിതരണത്തിനായി എത്തിക്കുന്ന ഭക്ഷണപ്പൊതികള്‍ പ്രതീക്ഷിച്ചാണ് അവർ അങ്ങിങ്ങ് ചിതറിനിൽക്കുന്നത്.നിരവധി കമ്പനികളിലെ മലയാളികളടക്കം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകളും നൽകിയിട്ടുണ്ട്. മസ്കത്തിലെ പ്രമുഖ കമ്പനിയിൽ നൂറിലധികം പേരെയാണ് പിരിച്ചുവിട്ടത്. ഇവർക്ക് വിമാന സർവിസ് പുനരാരംഭിക്കുന്നത് വരെ താമസവും ഭക്ഷണ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കാതെ നിവൃത്തിയില്ലെന്ന് അറിയിച്ച കമ്പനികളും ധാരാളമാണ്. പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവരിലും ശമ്പളം കുറയുന്നവരിലും കുടുംബമായി കഴിയുന്നവരുണ്ട്. കോവിഡ് മൂലം പ്രതിസന്ധിയിലായ കമ്പനികൾക്ക് ആവശ്യമെങ്കിൽ വിദേശ ജീവനക്കാരെ പിരിച്ചുവിടാനും ശമ്പളം കുറക്കാനും കഴിഞ്ഞമാസം പകുതിയോടെ നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകിയിരുന്നു. കോവിഡിെൻറ പ്രത്യാഘാതങ്ങൾ വരുംദിനങ്ങളിലും വ്യാപാര വാണിജ്യ മേഖലകളിൽ പ്രതിഫലിക്കുമെന്നു തന്നെയാണ് പൊതുവിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
