ഒമാന്റെ കോവിഡ് ഓർമകളുമായി ‘കൊറോണ ക്രോണോളജി’
text_fieldsഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ ഹിലാൽ അൽ സബ്തിയോടൊപ്പം ഗ്രന്ഥകാരൻ കബീർ യൂസുഫ്
മസ്കത്ത്: രണ്ടു വർഷത്തിലേറെ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡുമായി ബന്ധപ്പെട്ട ഒമാന്റെ ഓർമകൾ പുസ്തകമാകുന്നു. ദൈനം ദിന തീരുമാനങ്ങളിലൂടെ ഒമാൻ എങ്ങനെ കോവിഡിനെ നേരിട്ട് വിജയം കൈവരിച്ചു, മഹാവ്യാധിക്കെതിരെ ഒമാൻ സർക്കാരും, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങൾ, ദൈനംദിന സംഭവങ്ങൾ, വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ എന്നിവയാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്.
മൂന്നുവർഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ഒടുവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറങ്ങുന്ന തീയതി ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘കൊറോണ ക്രോണോളജി’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരൻ, പ്രശസ്ത മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് ആണ്.
ബദ്ർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ആണ് മുഖ്യ പ്രായോജകർ. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായതു മുതൽ കച്ചവടക്കാരുടെയും മറ്റു പ്രവാസി, സ്വദേശി ജീവിതങ്ങളെയും കോവിഡ് എങ്ങനെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്ന പുസ്തകം ഭാവിതലമുറക്ക് ഒരു റഫറൻസ് ഗ്രന്ഥമായും കോർപറേറ്റുകൾക്ക് തീരുമാനങ്ങളെടുക്കുമ്പോൾ അപഗ്രഥിക്കാവുന്ന ഒരു പുസ്തകമായും ഉപയോഗിക്കാവുന്നതായിരിക്കുമെന്നും രചയിതാവ് പറഞ്ഞു.
230 പേജുള്ള പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി കോവിഡ് സമയത്തെ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദി, ഇപ്പോഴത്തെ ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സബ്തി എന്നിവർക്ക് നൽകി. പുസ്തകത്തിന്റെ പൂർണ രൂപത്തിനായി മന്ത്രിമാർ വേണ്ട മാർഗനിർദേശങ്ങൾ നൽകിയതായി കബീർ യൂസുഫ് മാധ്യമങ്ങളോട് പറഞ്ഞു. വി.എസ്. റഹ്മാൻ ആണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
രവീന്ദ്രൻ, സുജോയ് ലോനപ്പൻ, ആമസോണിൽ മോട്ടിവേഷനൽ പുസ്തകം എഴുതിയ നെഫി റാഫിയ എന്നിവരെ കൂടാതെ ജെയിൻ ബിക്ക്മോർ ജാഫർ എന്ന ബ്രിട്ടീഷ് എഴുത്തുകാരിയും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 94477210 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

