സുരക്ഷ വെല്ലുവിളി നേരിടാൻ ഏകോപനം ശക്തിപ്പെടുത്തണം -ആഭ്യന്തര മന്ത്രി
text_fieldsസുരക്ഷ ഗവേഷണത്തിനുള്ള പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അവാർഡ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി വിതരണം ചെയ്യുന്നു
മസ്കത്ത്: സുരക്ഷ വെല്ലുവിളികൾ നേരിടാൻ കുറ്റകൃത്യങ്ങൾ തടയാനുമായി ജി.സി.സി രാജ്യങ്ങൾ തമ്മിൽ ഏകോപനവും കൂടിയാലോചനയും ശക്തിപ്പെടുത്തണമെന്ന് ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി പറഞ്ഞു. ജി.സി.സി മന്ത്രിമാരുടെ 40ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സാങ്കേതിക മാർഗങ്ങൾ വികസിപ്പിക്കുകയും ആവശ്യമായ നിയമനിർമാണങ്ങൾ നടത്തുകയും കഴിവുകൾ ഉപയോഗപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട പിന്തുണ നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സുരക്ഷ സഹകരണ മേഖലയിലും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും താൽപര്യമുള്ള ഇലക്ട്രോണിക് പ്രോജക്റ്റുകളുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങൾ ആഭ്യന്തര മന്ത്രിമാർ ചർച്ച ചെയ്തു. 2022-2023ലെ സുരക്ഷ ഗവേഷണത്തിനുള്ള പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അവാർഡ് നേടിയ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും (എ.ഐ) ജി.സി.സി രാജ്യങ്ങളിലെ സുരക്ഷ മേഖലയിലെ അതിന്റെ പ്രയോഗങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായിരുന്നു അവാർഡ്.
സ്ഥാപനങ്ങൾ, കോളജുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, പൊലീസ്, ഗവേഷണ കേന്ദ്രങ്ങൾ എന്നിവക്കുള്ള നിയമ അവാർഡിന്റെ വിഭാഗത്തിൽ, സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ റിസർച് ആൻഡ് സ്റ്റഡീസ് സെന്റർ ഒന്നാംസ്ഥാനം നേടി.
ജി.സി.സി.യിൽ ജോലിചെയ്യുന്നവരോ വിരമിച്ച പൗരന്മാരോ ആയ സാധാരണ വ്യക്തികൾ, പണ്ഡിതർ, ഗവേഷകർ എന്നിവർക്കുള്ള അവാർഡ് വിഭാഗത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഡോ. അബ്ദുൽ റഹ്മാൻ അബ്ദുല്ല അൽ തസ്സാൻ ഒന്നാംസ്ഥാനവും യുനൈറ്റഡ് അറബ് എമിറേറ്റിൽനിന്നുള്ള ഡോ. ജമാൽ സെയ്ഫ് അൽ അലി രണ്ടാംസ്ഥാനവും ഒമാനിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ ഡോ. ഹിലാൽ മുഹമ്മദ് അൽ അലവി മൂന്നാംസ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

