ഊർജ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ സഹകരണ കരാർ
text_fieldsഊർജ മേഖലയിലെ ഒമാനിവത്കരണം ശക്തിപ്പെടുത്തുന്ന കരാറിൽ ഒമാൻ എൽ.എൻ.ജിയും ഒമാൻ എനർജി അസോസയേഷൻ ഒപാലും സഹകരണ കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഊർജ മേഖലയിലെ ഒമാനിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ എൽ.എൻ.ജിയും ഒമാൻ എനർജി അസോസയേഷൻ ഒപാലും തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. ദേശീയതലത്തിൽ പ്രതിഭകളെ വികസിപ്പിക്കുകയും പരിശീലനവും തൊഴിൽ അവസരങ്ങളും ബന്ധിപ്പിച്ചുള്ള ഒമാനിവൽകരണ മാർഗങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ സ്വദേശികളുടെ തൊഴിൽ ബലം ഉയർത്തുന്നതിനായി തൊഴിൽ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേകിച്ച് പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ പദ്ധതികളിലും കോൺട്രാക്ടർമാരുടെ പ്രവർത്തനങ്ങളിലുമുള്ള നിർണായക സ്ഥാനങ്ങൾ സ്വദേശിവത്കരിക്കാൻ പദ്ധതി സഹായകമാകും.
മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള ദീർഘകാല പരിശീലന-ശേഷി വികസന പരിപാടികൾ നടപ്പിലാക്കുന്നതാണ് സഹകരണ കരാറിൽ പ്രധാനം. ഒമാനി യുവാക്കളെ നിർണായക സ്ഥാനങ്ങൾ ഏറ്റെടുക്കാൻ യോഗ്യരാക്കുകയും ദീർഘകാല സ്ഥിരതയോടെ മുന്നോട്ടു നയിക്കുകയും ചെയ്യുക എന്നതാണ് കരാർ ലക്ഷ്യം. ഒമാൻ എൽ.എൻ.ജിയുടെ നിലവിലെ തൊഴിൽശക്തിയിൽ 90 ശതമാനത്തിലധികം ഒമാനിവത്കരണം കൈവരിച്ചതായി കമ്പനി അറിയിച്ചു. നേരിട്ടുള്ള കരാറുകളിലും 85 ശതമാനത്തിലധികം സ്വദേശിവത്കരണം കൈവരിക്കാൻ കരാർ നയിക്കും. സുരക്ഷാ മാനദണ്ഡങ്ങളെയും പ്രവർത്തനക്ഷമതയെയും ബാധിക്കാതെ കൂടുതൽ നൈപുണ്യ മേഖലകളിൽ തൊഴിൽ അവസരങ്ങൾ വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. പ്രാദേശിക മൂല്യവർധന ശക്തിപ്പെടുത്തുകയും ഒമാനിവൽകരണ മാർഗങ്ങൾ പിന്തുണക്കുകയും ചെയ്യുന്നത് കമ്പനിയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണെന്ന് ഒമാൻ എൽ.എൻ.ജി സി.ഇ.ഒ എൻജിനീയർ ഹമദ് അൽ നുഅ്മാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

