പ്രളയ ഫണ്ട് വകമാറ്റൽ വിവാദം പുകയുന്നു; ഇന്ത്യൻ സ്കൂൾ ബോർഡ് മുൻ ഭരണസമിതിക്കും വീഴ്ചപറ്റി
text_fieldsമസ്കത്ത്: കേരളത്തിൽ 2018ൽ ഉണ്ടായ മഹാപ്രളയത്തിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും വഴി പിരിച്ചെടുത്ത തുക ഇന്ത്യൻ സ്കൂൾ ബോർഡിന്റെ വിവിധ ആവശ്യങ്ങൾക്കായി വകമാറ്റിയതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. ഫണ്ട് കേരളത്തിന് നൽകേണ്ടതില്ലെന്ന് സയ്യിദ് അഹമ്മദ് സൽമാൻ ചെയർമാനായ ഇന്ത്യൻ സ്കൂൾ ഒമാൻ ഡയക്ടർ ബോർഡിന്റെ നിലവിലെ ഭരണസമിതി തീരുമാനിക്കുകയും തുക ഫണ്ട് ശേഖരണത്തിൽ പങ്കാളികളായ വിദ്യാർഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കാതെ വകമാറ്റുകയും ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒമാനിലെ വിവിധ സ്കൂളുകളുടെ വികസനത്തിനായാണ് പ്രളയഫണ്ട് വിനിയോഗിച്ചതെന്നാണ് ബോർഡ് ചെയർമാന്റെ വിശദീകരണം.
എന്നാൽ, വിഷയത്തിൽ മുൻ ഭരണസമിതിക്കും ഗുരുതര വീഴ്ച സംഭവിച്ചതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത 23,000 ത്തോളം റിയാൽ (എകദേശം 50 ലക്ഷത്തിലേറെ രൂപ) കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ ശിവ മാണിക്കം ചെയർമാനായ മുൻ ഭരണസമിതിയുടെ കാലത്ത് 2024 ആഗസ്റ്റിൽ ബോർഡ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആ ഭരണസമിതിയിൽ വൈസ്ചെയർമാനായിരുന്നു നിലവിലെ ചെയർമാനായ സയ്യിദ് അഹമ്മദ് സൽമാൻ. 2025 മാർച്ച് പകുതിയോടെയാണ് നിലവിലെ ഭരണസമിതി ചുമതലയേൽക്കുന്നത്. കേരളത്തിന് തുക കൈമാറാൻ തീരുമാനമെടുത്ത് ആറു മാസത്തോളം ലഭിച്ചിട്ടും കൈമാറാതിരുന്നത് മുൻ ഭരണസമിതിയുടെയും വീഴ്ചയായാണ് വിലയിരുത്തുന്നത്.
അതേസമയം, വിഷയത്തിൽ രക്ഷിതാക്കളുടെയും പൊതുപ്രവർത്തകരുടെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം ബോർഡിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
2018ൽ കേരളം മഹാപ്രളയത്തിൽ അകപ്പെട്ടപ്പോൾ വിവിധ രാജ്യങ്ങളിൽനിന്ന് മലയാളി പ്രവാസി സമൂഹം മുൻകൈയെടുത്തും അല്ലാതെയും കേരളത്തിലേക്ക് ഫണ്ടും സഹായവും എത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സർക്കാറിന്റെ പ്രത്യേക അനുമതിയോടെ സഹായധനം പിരിച്ചെടുത്തിരുന്നു. സോഷ്യൽ ക്ലബ്ബിന്റെ അഭ്യർഥനപ്രകാരം, ഇന്ത്യൻ സ്കൂൾ ബോർഡും ഈ കലക്ഷനിൽ ഭാഗമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് പിരിച്ചെടുത്ത ഏകദേശം ഒന്നരക്കോടിക്കടുത്ത തുക 2020ൽ കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എന്നാൽ, ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ ശേഖരിച്ച തുക കൈമാറിയില്ല. കലക്ഷൻ പല ഘട്ടങ്ങളിലായി പൂർത്തിയായി വന്നപ്പോഴേക്കും അന്നത്തെ ബോർഡിന്റെ കാലാവധി കഴിഞ്ഞു. ശേഷം വന്ന ഭരണസമിതിയും പ്രളയ ഫണ്ട് കേരളത്തിന് കൈമാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ തുടർന്ന് നടപടികൾ നീണ്ടു. ശേഷം നിലവിൽവന്ന കഴിഞ്ഞ ഭരണസമിതിയും തുക കേരളത്തിന് നൽകാൻ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കൈമാറിയില്ല. ഈ ഘട്ടത്തിലൊന്നും തുക വകമാറ്റാൻ തീരുമാനിച്ചിരുന്നില്ല. എന്നാൽ, 2025 ഏപ്രിലിൽ ചുമതലയേറ്റ നിലവിലെ സമിതി, പ്രസ്തുത ഫണ്ട് കേരളത്തിന് കൈമാറേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് ചെയർമാൻതന്നെ വാർത്തസമ്മേളനത്തിനിടെ വെളിപ്പെടുത്തിയത്.
വാർത്തസമ്മേളനത്തിനിടെ ബോർഡ് ചെയർമാൻ പറഞ്ഞത്...
‘2018 ലെ പ്രളയത്തിനായി ഇന്ത്യൻ സ്കൂൾ ബോർഡും ഫണ്ട് ശേഖരിച്ചിരുന്നു. ഏകദേശം 23,000 ഒമാൻ റിയാലാണ് പിരിച്ചത്.
അന്നത്തെ ചെയർമാൻ ഫണ്ട് അയക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അയക്കാനായില്ല. ഇന്ത്യൻ സോഷ്യൽ ക്ലബ് പണമയച്ച ചാനലിലൂടെതന്നെ ഇന്ത്യൻ സ്കൂൾ ബോർഡും പണമയക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പണം ഇവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് ഈ പണം കുട്ടികളുടെ വികസനത്തിനായി ചെലവഴിച്ചുകൂടാ എന്ന് ഞങ്ങൾ ചിന്തിച്ചു. സഹം, ദുകം, മസീറ, തുംറൈത്ത്, ഖസബ് തുടങ്ങി ഒമാനിലെ ഉൾപ്രദേശങ്ങളിലെ വിവിധ സ്കൂളുകളുടെ വികസന പ്രവൃത്തികൾക്കായി ചെറിയ തുകകൾ വീതം അനുവദിച്ചു. പൊതു ആവശ്യത്തിനായാണ് ഈ തുക വിനിയോഗിച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനു മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനായാണ് ഫണ്ട് ശേഖരിച്ചത്. കാരണം, കേരളത്തിൽ പ്രളയത്തിൽ മുങ്ങിപ്പോയ ചില സ്കൂളുകളുടെ പുനർ നിർമാണമായിരുന്നു ലക്ഷ്യം. എന്നാൽ, അവിടത്തെ സർക്കാറും മറ്റും അത്തരം നടപടികൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിനായി ശേഖരിച്ച ഫണ്ട് അതേ ആവശ്യത്തിനായി ഇവിടെ വിനിയോഗിക്കുകയായിരുന്നു. ഒരു രൂപ പോലും പുറത്തുപോയിട്ടില്ല....
‘മുഴുവൻ ബോർഡംഗങ്ങളും മറുപടി പറയണം’
കേരള പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് പിരിച്ച തുക മറ്റു കാര്യങ്ങൾക്ക് ചെലവഴിച്ചു എന്ന് കേൾക്കുന്നതിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ഭാഗമായി പ്രളയഫണ്ട് ശേഖരിക്കാൻ നേതൃത്വം വഹിച്ച ഒരാളെന്ന നിലയിൽ കടുത്ത അമർഷവും ശക്തമായ പ്രതിഷേധവുമുണ്ട്. ഒമാനിൽ വിദേശികൾക്ക് ദുരിതാശ്വാസനിധികൾ ശേഖരിക്കണമെങ്കിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
ഔദ്യോഗിക സംഘടന എന്ന നിലയിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന് മാത്രമെ അത് സാധ്യമാവുകയുള്ളൂ. പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങ് നൽകാൻ സോഷ്യൽ ക്ലബ് തീരുമാനിക്കുകയും സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി നേടിയതിനു ശേഷം ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. പ്രസ്തുത ശേഖരണത്തിന്റെ ഭാഗമാകണമെന്ന ക്ലബ്ബിന്റെ അഭ്യർഥന മാനിച്ചാണ് അന്നത്തെ സ്കൂൾ ബോർഡ് വിദ്യാർഥികളിൽനിന്നും തുക പിരിച്ചെടുത്തത്.
ഐ.എസ്.സി നേരിട്ടും ഭാഷ വിഭാഗങ്ങൾ മുഖേനെയും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) അയക്കുന്നതിന് മുമ്പ് സ്കൂൾ ബോർഡ് പിരിച്ചെടുത്ത തുക കൂടി ഏൽപിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അന്നത് നടന്നില്ല.
സ്വാഭാവികമായും ക്ലബ് പിരിച്ച തുക സി.എം.ഡി.ആർ.എഫിലേക്ക് കൈമാറി. അന്ന് പിരിച്ച തുകയാണ് ഇപ്പോൾ സ്കൂൾ ബോർഡ് മറ്റാവശ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഇതിന് ബോർഡ് ചെയർമാനെ മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. മുഴുവൻ ബോർഡംഗങ്ങളും മറുപടി പറയേണ്ടതുണ്ട്. മലയാളികളടക്കം മുഴുവൻ ബോർഡംഗങ്ങളും മറുപടി പറയേണ്ടതുണ്ട്.
‘സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യം’
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ആയിരക്കണക്കിന് കുട്ടികളിൽനിന്നും രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽനിന്നും പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചു എന്നത് അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. ഈ വിഷയത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്. ഉത്തരവാദികളായ എല്ലാവർക്കും എതിരായി കർശന നടപടി സ്വീകരിക്കുകയും, സമാഹരിച്ച മുഴുവൻ തുകയും അതിന്റെ യഥാർഥ ഉദ്ദേശ്യത്തിനായിതന്നെ ഉപയോഗിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയന്ത്രണ സംവിധാനങ്ങളും ഉത്തരവാദിത്തവും ഉറപ്പാക്കണം. ഇത്രയും കഴിവുകെട്ട പ്രവർത്തനം നടത്തിയ ഇന്ത്യൻ സ്കൂൾ ബോർഡ് മാനേജ്മന്റ് അടിയന്തരമായി രാജിവെക്കണം. അങ്ങേയറ്റത്തെ ഉത്തരവാദിത്തമി ല്ലായ്മയും അധികാര ദുർവിനിയോഗവുമാണ് ഈ പ്രവൃത്തിയിൽനിന്നും മനസ്സിലാവുന്നത്.
കേരളത്തിലെ ദുരിതബാധിതർക്കായി വിശ്വാസത്തോടെ പിരിച്ചെടുത്ത ഏതാണ്ട് 55 ലക്ഷം രൂപയോളം ഇങ്ങനെ വകമാറ്റിയത് ഗുരുതരൃ വിശ്വാസവഞ്ചനയും നൈതിക വീഴ്ചയുമാണ്. കേരളത്തിന്റെ ദുരിതത്തിൽ നാടിന്റെ നന്മക്കായി സമാഹരിച്ച പണം ദുരുപയോഗം ചെയ്തത് സമൂഹത്തിന്റെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നു. ജനങ്ങളുടെ സഹാനുഭൂതിയും വിശ്വാസവും ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് കേരളത്തിനും പ്രവാസി സമൂഹത്തിനും ഒരുപോലെ വേദനാജനകവും ലജ്ജാകരവുമായ കാര്യമാണ്.
‘ആനുകൂല്യങ്ങൾ സ്കൂളുകൾക്ക് ലഭിച്ചോ എന്ന് അന്വേഷിക്കണം’
2018ലെ മഹാപ്രളയ സമയത്ത് കേരളത്തിനായി ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളിൽനിന്നും സ്വരൂപിച്ച അരക്കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചു എന്ന ബോർഡ് ചെയർമാന്റെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ്.
മറ്റു സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിനായി ഈ തുക ചെലവഴിച്ചു എന്ന് പറയുമ്പോൾ ഇത്രയും തുക അതിനായി നൽകിയോ എന്ന് അന്വേഷിക്കണം. അതുപോലെ സാമൂഹിക ക്ഷേമ മന്ത്രാലയം പ്രളയഫണ്ട് സ്വരൂപിക്കാൻ ചുമതലപ്പെടുത്തിയത് ഇന്ത്യൻ സോഷ്യൽ ക്ലബിനെയാണ്, പിരിച്ച തുക ഇന്ത്യൻ സ്കൂളിൽനിന്നും ലഭിക്കാതെയായപ്പോൾ ഇന്ത്യൻ സോഷ്യൽ ക്ലബ് എന്തുകൊണ്ട് മന്ത്രാലയത്തിൽ പരാതിപ്പെട്ടില്ല? അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പങ്കും സംശയാസ്പദമാണ്. കാരണം ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫിസ് മസ്കത്തിലെ ഇന്ത്യൻ സ്കൂൾ പരിസരത്തിനിന്നും മാറ്റണം എന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ഇത് ഇവിടെനിന്നും മാറ്റാതിരിക്കാൻ സ്കൂൾ ഭരണസമിതി ഇന്ത്യൻ സോഷ്യൽ ക്ലബിനെ സഹായിക്കുകയാണെന്ന് കാലങ്ങളായുള്ള ആരോപണമാണ്. ഇതിനു പ്രത്യുപകാരമായി ഇക്കാര്യത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മൗനം പാലിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ദൂഷ്യഫലം ഇതാദ്യമായല്ല രക്ഷിതാക്കൾ അനുഭവിക്കുന്നത്. അത് അവസാനത്തേതാകുമെന്ന പ്രതീക്ഷയുമില്ല.
(പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവ്)
‘ഇത് അംഗീകരിക്കാനാവില്ല’
പ്രവാസികളെയടക്കം മാനസികമായി വേദനിപ്പിച്ച ദുരന്തമായിരുന്നു 2018 ലെ കേരളത്തിലെ പ്രളയം.
വിദ്യാർഥികൾ അവരുടെ ചില്ലറക്കുടുക്കയടക്കം പൊട്ടിച്ച് കേരളത്തിനായി നൽകിയ തുകയാണ് ഇപ്പോൾ വകമാറ്റിയത്. രാഷ്ട്രീയ മത ഭേദമന്യേ ഒരു നാടിനെ സഹായിക്കാൻ എല്ലാ ഇന്ത്യക്കാരായ കുട്ടികളും പിരിച്ചെടുത്ത പണമാണത്. ഒരു രക്ഷിതാവും കേരളീയനും ഭാരതീയനും എന്നനിലയിൽ ഇത് അംഗീകരിക്കാനാവില്ല.
ഓരോ വിദ്യാർഥിയും 10 റിയാൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് നൽകുന്നുണ്ട്. ഇതുപോലും ഇല്ലാതിരുന്ന കാലത്താണ് സ്കൂളുകൾ മിക്കതും ഉയർന്നത്. എന്നിട്ടും ഫണ്ട് തികയുന്നില്ല എന്ന് പറയുന്നത് സംശയാസ്പദമാണ്. അത്തരത്തിലുള്ള ഒരു വികസനവും ഇവിടെ നടക്കുന്നില്ല. അതിനാൽ , ഇതിൽ അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. ബോർഡിലെ മലയാളി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുപോലും കേരളത്തിന് ഫണ്ട് കൈമാറാൻ ബോർഡ് തയാറായില്ലെന്നാണ് അറിയാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

