മത്ര സ്ക്വയർ പദ്ധതിക്ക് കരാറായി
text_fieldsനിർദിഷ്ട മത്ര സ്ക്വയർ പദ്ധതിയുടെ ഗ്രാഫിക്സ് ചിത്രം
മത്ര: മത്രയുടെ മുഖച്ഛായ മാറ്റുന്ന മത്ര സ്ക്വയർ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം നൽകിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മത്ര വിലായത്തിന് നഗര സൗന്ദര്യമേകാനും സന്ദർശകർക്ക് മത്ര കോർണിഷിന്റെയും മത്രഫോർട്ടിന്റെയും സുന്ദര കാഴ്ചാനുഭവങ്ങൾ സമ്മാനിക്കാനും പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. ദേശീയ നഗര വികസന നയം 2040ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മത്ര വിലായത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രത്യേകതകളും സംരക്ഷിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നുമാസത്തിനകം നിർമാണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.
7500 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന മത്ര സ്ക്വയർ ചരിത്രപരമായും വിനോദസഞ്ചാരപരമായും ഏറെ പ്രാധാന്യമുള്ളതാണ്. മത്ര സ്ക്വയറിന്റെ ഹൃദയഭാഗത്തായി ‘യു’ ആകൃതിയിലുള്ള നടപ്പാലം നിർമിക്കും. കടലിനു മുകളിലേക്ക് ചരിഞ്ഞുനിൽക്കുന്ന രീതിയിൽ അഞ്ച് മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. സന്ദർശകർക്ക് വിശാലമായി കാഴ്ചഭംഗി ആസ്വദിക്കാൻ ഇത് ഉപകരിക്കും. ഇമാം അൽ സാൽത് ബിൻ മാലിക് അൽ ഖറൂസിയുടെ വാളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇത്തരത്തിലൊരു രൂപകൽപന പിറവികൊണ്ടത്. പാലത്തിനു ചുറ്റും ഡാൻസിങ് ഫണ്ടേയ്ൻ ഉൾക്കൊള്ളുന്ന മൾട്ടി ഫങ്ഷനൽ പ്ലാസ, കടലിന്റെ താളം പ്രതിഫലിപ്പിക്കുന്ന ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയുണ്ടാകും.
ചുറ്റുമുള്ള കോർട്ട് യാർഡുകൾ കുടുംബസൗഹൃദമായി ഒരുക്കും. പുൽത്തകിടികളും നടപ്പാതകളും മറ്റും ഇതോടനുബന്ധിച്ച് സജ്ജീകരിക്കും.മത്ര വിലായത്തിന്റെ സൗന്ദര്യവും ടൂറിസം ആകർഷണവും വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ദീർഘദർശന പദ്ധതിയുടെ ഭാഗമാണ് ‘മത്ര സ്ക്വയർ’ പദ്ധതി എന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.
ഇത് ഒരു സാധാരണ നഗരവികസന പദ്ധതി മാത്രമല്ലെന്നും ഗവർണറേറ്റിലെ ആറ് വിലായത്തുകളുടെ പൈതൃകത്തെയും ആധുനികതയെയും സമന്വയിപ്പിക്കുകയും ചെയ്യുന്ന ദർശനമാണ് ‘മത്ര സ്ക്വയർ’ പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

