മഹൂത്തിൽ മത്സ്യബന്ധന മേഖലക്ക് പുതിയ മുഖം; വൻ തുറമുഖ പദ്ധതിക്ക് കരാർ
text_fieldsമസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിൽ പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയം കരാർ ഒപ്പുവച്ചു. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനുമായാണ് പദ്ധതി. വകുപ്പു മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയും നിർമാണ കമ്പനിയായ അറബ് കോൺട്രാക്ടേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ അഹമ്മദ് മുസ്തഫ അൽ അസ്സാറും കരാറിൽ ഒപ്പുവച്ചു.
3,020 മീറ്റർ നീളമുള്ള രണ്ട് ബ്രേക്ക്‌വാട്ടറുകൾ, 12 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭൂമി ഒരുക്കൽ, 6,88,116 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തുറമുഖ ബേസിൻ ഡ്രഡ്ജിങ് എന്നിവ പദ്ധതിയുടെ പ്രധാന ഭാഗങ്ങളാണ്. തുറമുഖ ബേസിൻ പരമാവധി നാല് മീറ്റർ ആഴത്തിലാക്കും. 4.5 കിലോമീറ്റർ റോഡ്-പാർക്കിങ് ശൃംഖല, വൈദ്യുതി, ലൈറ്റിങ്, ജലവിതരണം, അഗ്നിശമന, മലിനജല സംവിധാനങ്ങളും ഒരുക്കും.
മത്സ്യ മാർക്കറ്റ്, രണ്ട് ഐസ് പ്ലാന്റുകൾ, ബോട്ട്-കപ്പൽ അറ്റകുറ്റപ്പണി ശാലകൾ, മത്സ്യത്തൊഴിലാളികൾക്കുള്ള സ്റ്റോറുകളും ഷെഡുകളും, മത്സ്യസംസ്‌കരണ ഫാക്ടറികൾക്കുള്ള ഭൂമി, ഇന്ധന സ്റ്റേഷൻ, പ്രാർഥനാ ഹാൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. മഹൂത്തിലെ മത്സ്യബന്ധന മേഖലക്ക്ക്‍വികസന കുതിപ്പേകുന്ന പദ്ധതിയാണിത്.
അൽ വുസ്തയിലെ ആകെ മത്സ്യ ഉൽപാദനമായ 249,646 ടണ്ണിൽ 110,503 ടണ്ണും മഹൂത്തിൽ നിന്നാണ്, ഏകദേശം 44.2 ശതമാനം. മത്സ്യബന്ധനം, സംഭരണം, സംസ്കരണം, വിപണനം എന്നിവ ഏകോപിപ്പിക്കുന്ന സമഗ്ര സാമ്പത്തിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം ടൂറിസം, സമുദ്ര പ്രവർത്തനങ്ങൾ, നിക്ഷേപം എന്നിവക്കും പദ്ധതി പുതിയ അവസരങ്ങൾ തുറക്കും. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക ഉൽപന്നങ്ങളുടെ മൂല്യവർധനക്കും പദ്ധതി സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

